കേരളത്തില്‍ മോദിയുടെ നിഴല്‍ ഭരണം; പോലീസ് സംഘപരിവാറിന് കുട പിടിക്കുന്നു: പ്രതിപക്ഷ നേതാവ്

Web Desk
2 Min Read

ആലുവ: കേരളത്തില്‍ മോദിയുടെ നിഴല്‍ ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാറിന് കുട പിടിക്കുകയാണ് കേരള പോലീസ്. ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയയുടെ കുടുംബത്തിന് നീതി തേടി സമരം ചെയ്ത കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പോലീസില്‍ സംഘപരിവാര്‍ സെല്‍ ഉണ്ടെന്നതിന് തെളിവാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ആലുവയില്‍ നടത്തിയ പ്രധിഷേധ സദസ്സില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

city exchange

കേരള രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ പ്രസക്തി ഇല്ലാതാകുന്നതില്‍ ദു:ഖിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നരേന്ദ്ര മോദി കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുമ്പോള്‍ പിണറായി വിജയന്‍ കോണ്‍ഗ്രസ് മുക്ത കേരളം സ്വപ്നം കാണുന്നു. ഒരു കൈ ബി ജെ പിയുടെ തോളിലും മറുകൈ എസ് ഡി പി ഐയുടെ തോളിലും വയ്ക്കുന്ന മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രീണനമാണ് കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നത്. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും മുഖ്യമന്ത്രി മാറി മാറി പുണരുകയാണ്. ഇതിന്റെ ഭാഗമായാണ് ഈരാറ്റുപേട്ടയില്‍ എസ് ഡി പി ഐയെ കൂട്ടുപിടിച്ച് യു ഡി എഫ് ഭരണത്തെ താഴെയിടാന്‍ ശ്രമിച്ചത്. കോട്ടയത്ത് ബി ജെ പിയുമായി ചേര്‍ന്നും യു ഡി എഫ് ഭരണം അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ സി പി എം എസ് ഡി പി ഐയുമായി സന്ധി ചെയ്തിരിക്കുകയാണ്. ആലപ്പുഴയിലേതുള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ ഇതിന്റെ ഫലമായുണ്ടായതാണ്.

കേരളത്തിലെ പൊലീസ് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. ഗുണ്ടകള്‍ കാലുവെട്ടിയെടുത്ത് ബൈക്കില്‍ പ്രകടനം നടത്തിയ പൊലീസാണ് കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അര്‍ധരാത്രി വീട്ടില്‍ക്കയറി അറസ്റ്റു ചെയ്തത്. നെഞ്ചു വേദനയുണ്ടെന്നു പറയുകയോ കരയുകയോ ചെയ്യാതെ തല ഉയര്‍ത്തിയാണ് ആ കുട്ടികള്‍ അറസ്റ്റുവരിച്ചത്. തീവ്രവാദ ബന്ധം ആരോപിക്കാന്‍ പിണറായിയുടെ നാണംകെട്ട പൊലീസിനല്ലാതെ ആര്‍ക്കെങ്കിലും സാധിക്കുമോ?- പ്രതിപക്ഷ നേതാവ് ചോദിച്ചു.

- Advertisement -
Ad image

യോഗത്തില്‍ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ്, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്,റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ഹിഷാം, സെക്രട്ടറി ഐ കെ രാജു, കെ പി സി സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ പി ധനപാലന്‍, പി ജെ ജോയി, കെ ബി മുഹമ്മദ്കുട്ടി മാസ്റ്റര്‍, ജെയ്‌സണ്‍ ജോസഫ്, ടി എച്ച് സക്കീര്‍ ഹുസൈന്‍, എം എ ചന്ദ്രശേഖരന്‍, എം ഒ ജോണ്‍, ഡി സി സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ജനറല്‍ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി,തോപ്പില്‍ അബു,ലത്തിഫ് പുഴിത്തറ, ഫാസില്‍ ഹുസൈന്‍, ഹസിം ഖാലിദ്, അബ്ദുല്‍ ലത്തീഫ്, പി ബി സുനീര്‍, എം ജെ ജോമി, ജോസഫ് ആന്റണി, അഡ്വ. ഉണ്ണികൃഷ്ണന്‍, വി പി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!