

ദോഹ: ഐക്യരാഷ്ട്രസഭയുടെ ഗാസ മാനുഷിക കാര്യങ്ങളുടേയും പുനര്‍നിര്‍മാണത്തിന്റേയും പ്രത്യേക കോര്‍ഡിനേറ്ററും അണ്ടര്‍ സെക്രട്ടറി ജനറലുമായ സിഗ്രിഡ് കാഗും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും കൂടിക്കാഴ്ച നടത്തി.

ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചും അവയെ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും അവലോകനം ചെയ്തു. ഗാസ മുനമ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് മാനുഷിക പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, മുനമ്പിന്റെ എല്ലാ മേഖലകളിലേക്കും സുസ്ഥിരമായും തടസ്സങ്ങളില്ലാതെയും മാനുഷിക സഹായം എത്തിക്കുന്നതിന് ഇരുപക്ഷവും സഹകരിക്കുന്നതിനുള്ള വഴികള്‍ എന്നിവയും അവര്‍ ചര്‍ച്ച ചെയ്തു.

ഗാസയിലെ വിനാശകരമായ മാനുഷിക സാഹചര്യം പരിഹരിക്കുന്നതിനും ഫലസ്തീന്‍ ജനതയ്ക്കെതിരായ ക്രൂരമായ യുദ്ധത്തില്‍ ഇസ്രായേല്‍ അധിനിവേശം പിന്തുടരുന്ന പട്ടിണി നയത്തെ ശക്തമായി നേരിടുന്നതിനുമുള്ള ഉത്തരവാദിത്തങ്ങള്‍ അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെ പ്രധാനമന്ത്രി യോഗത്തില്‍ ഊന്നിപ്പറഞ്ഞു.
