

വാഷിംഗ്ടണ്‍: കോവിഡ് രോഗബാധയുടെ വര്‍ധനവിനെ തുടര്‍ന്ന് ഖത്തര്‍ ഉള്‍പ്പെടെ 22 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്ക നിര്‍ദ്ദേശം നല്കി. യു എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സി ഡി സി) മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്കിയത്. ഈ ലക്ഷ്യസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ അമേരിക്കക്കാരോട് യു എസിലെ ഉന്നത ആരോഗ്യ ഏജന്‍സി അഭ്യര്‍ഥിച്ചു.

ഖത്തറിന് പുറമേ ഓസ്‌ട്രേലിയ, ഇസ്രായേല്‍, ഈജിപ്ത്, അല്‍ബേനിയ, അര്‍ജന്റീന, പനാമ, ബഹാമസ്, ബഹ്‌റൈന്‍, ബൊളീവിയ, കാനഡ, ഫ്രാന്‍സ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം, ഉറുഗ്വേ, ഉഗാണ്ട, കുവൈത്ത്, ജമൈക്ക, കോസ്റ്റാ റിക്ക, ക്യൂബ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

ഇതോടെ, സിഡിസിയുടെ ലെവല്‍ ഫോര്‍ ലിസ്റ്റില്‍ ഇപ്പോള്‍ 100-ലധികം രാജ്യങ്ങളുണ്ട്. പൂര്‍ണമായി വാക്സിനേഷന്‍ ചെയ്യുന്നതുവരെ അന്താരാഷ്ട്ര യാത്ര ചെയ്യരുതെന്നും ഗുരുതരമായ രോഗങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും കോവിഡ് -19ന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിനും പുതിയ വകഭേദങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വാക്സിനേഷന്‍ എടുക്കുന്നതെന്നും സി ഡി സി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു. യോഗ്യരായവരെല്ലാം ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണമെന്നും സി ഡി സി ആവശ്യപ്പെട്ടു.
വിദേശങ്ങളില്‍ നിന്നും യു എസിലേക്ക് വിമാന യാത്ര നടത്തുന്നവര്‍ യാത്രയുടെ ഒരു ദിവസത്തിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം കാണിക്കേണ്ടതുണ്ട്. യാത്രക്കാര്‍ തങ്ങളുടെ വിമാനത്തില്‍ കയറുന്നതിന് മുമ്പ് കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ വൈറസില്‍ നിന്ന് സുഖം പ്രാപിച്ചതിന്റെ തെളിവും കാണിക്കേണ്ടതുണ്ട്. അതോടൊപ്പം വിമാന യാത്രക്കാരുടെ വിവരങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തല്‍ ഫോറത്തില്‍ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും സി ഡി സി പറഞ്ഞു. യു എസ് നിവാസികളും ഗ്രീന്‍ കാര്‍ഡ് ഉടമകളും ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

