

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനിയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും കൂടിക്കാഴ്ച നടത്തി.

ഖത്തര്‍- യു എന്‍ സഹകരണ ബന്ധങ്ങളെക്കുറിച്ചും മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, സിറിയ, ലെബനന് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയുടെ നിയര്‍ ഈസ്റ്റിലെ ഫലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ ഏജന്‍സി വഹിച്ച പങ്ക് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അടിവരയിട്ടു. ധനസഹായം നിര്‍ത്തലാക്കിയാല്‍ ഉണ്ടാകാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി.
യുണൈറ്റഡ് നേഷന്‍സ് അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോ-ഓര്‍ഡിനേറ്റര്‍ മാര്ട്ടിന് ഗ്രിഫിത്ത്സ്, യു എന്‍ പൊളിറ്റിക്കല്‍ ആന്‍ഡ് പീസ് ബില്‍ഡിംഗ് അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്മേരി ഡികാര്‍ലോ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

