

ദോഹ: ലോക ജലദിനത്തോടനുബന്ധിച്ച് ചാലിയാര്‍ ദോഹ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ 85 പോയിന്റുകളോടെ ജേതാക്കളായി. ഭവന്‍സ് പബ്ലിക് സ്‌കൂള്‍ (80) രണ്ടാം സ്ഥാനവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ (70) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ലോകജല ദിനമായ മാര്‍ച്ച് 22ന് നടന്ന മത്സരത്തിന് പ്രമുഖ ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറും ക്വിസ് മാസ്റ്ററുമായ മന്‍സൂര്‍ മൊയ്ദീന്‍ അവതാരകനായി. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായിരുന്നു മത്സരം സംഘടിപ്പിച്ചത്.

ഒന്നാം സമ്മാനത്തിനര്‍ഹമായ ബിര്‍ള പബ്ലിക് സ്‌കൂളിന് വേണ്ടി ജിനേശ്വര്‍ നരിയാനി, ഭഗത് കൃഷ്ണന്‍ എന്നിവര്‍ മത്സരിച്ചു. രണ്ടാം സമ്മാനത്തിനര്‍ഹമായ ഭവന്‍സ് പബ്ലിക് സ്‌കൂളിന് വേണ്ടി ഹുസൈന്‍ അബ്ദുല്‍ ഖാദിര്‍, സാരംഗ് ഷാജി എന്നിവരും മൂന്നാം സമ്മാനത്തിനര്‍ഹമായ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിന് വേണ്ടി യൂണിക് ബന്ദേരി, ബിഷാല്‍ ചന്ദ എന്നിവരും മത്സരാര്‍ഥികളായി പങ്കെടുത്തു. ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍, പോഡാര്‍ പേള്‍ സ്‌കൂള്‍ എന്നിവയായിരുന്നു ക്വിസ് മത്സരത്തിന് പങ്കെടുത്ത മറ്റ് ടീമുകള്‍.
ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എം ഡി മുഹമ്മദ് അഷ്റഫ്, ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, അജ്മല്‍ അരീക്കോട്, വനിതാ ഭാരവാഹികളായ മുനീറ ബഷീര്‍, ഷഹാന ഇല്യാസ്, ശാലീന രാജേഷ്, മുഹ്‌സിന സമീല്‍, ശീതള്‍, സുധ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ ഖാലിദി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ ശൈഖ് ഖാസീം മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ടി സിദ്ദീഖ് ചെറുവാടി സ്വാഗതം പറഞ്ഞു.
രക്ഷാധികാരികളായ സിദ്ധിഖ് വാഴക്കാട്, ഹൈദര്‍ ചുങ്കത്തറ, ഭാരവാഹികളായ ജാബിര്‍ ബേപ്പൂര്‍, മുഹമ്മദ് ലയിസ് കുനിയില്‍, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, അഡ്വ. ജൗഹര്‍ നിലമ്പൂര്‍, ഡോ. ഷഫീഖ് താപ്പി മമ്പാട്, സാബിക് എടവണ്ണ, അഹ്മദ് നിയാസ് മൂര്‍ക്കനാട്, അബി ചുങ്കത്തറ, തൗസീഫ് കാവനൂര്‍, ഫൈറോസ് പൊത്തുക്കല്ല്, സജാസ് കടലുണ്ടി, ബഷീര്‍ തുവ്വാരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

