

പാലക്കാട്: ‘അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി സമഗ്രതയുടെ പ്രയോഗങ്ങള്‍’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് തിയോളജി വിദ്യാര്‍ഥികളുടെ കോണ്‍ഫറന്‍സായ സെന്‍സോറിയം മാര്‍ച്ച് 25, 26, 27 തിയ്യതികളില്‍ കൊമ്പം മര്‍കസുല്‍ ഹിദായ കാമ്പസിലെ ബൂത്വി സ്ഫിയറില്‍ നടക്കും. അറിവന്വേഷണത്തിന്റെ പുതിയ ചിന്തകള്‍ രൂപീകരിക്കാനും ബോധന രീതികളുടെ നവീകരണവും ലക്ഷ്യമിട്ട് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സെന്‍സോറിയത്തിന്റെ നാലാമത് എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്.

ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തെ കേന്ദ്ര പ്രമേയമാക്കി മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെന്‍സോറിയത്തിന്റെ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി കെ ജാബിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും. മുഫ്തി ളിയാഉദ്ദീന്‍ നഖ്ശബന്ധി ഹൈദരാബാദ്, ജാമിഅ നിസാമിയ്യയിലെ ചീഫ് പാട്രേണ്‍ മുഫ്തി ഖലീല്‍ അഹ്മദ് സാഹബ്, ശൈഖ് അന്‍വര്‍ ദാഗിസ്ഥാന്‍, ശൈഖ് തൗഫീഖ് റമളാന്‍ ബൂത്വി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍, സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി എന്നിവര്‍ സംസാരിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെന്‍സോറിയത്തില്‍ സമകാലിക പ്രാധാന്യമുള്ള വിവാഹം, കുടുംബം, ജന്‍ഡര്‍, ജിഹാദ്, സകാത്ത്, മുത്ത്വലാഖ്, ഖുല്‍അ, ഹിജാബ്, ഇസ് ലാമിക് ഇക്കോണമി, വഖഫ്, ഇസ്‌ലാമിക് പീനല്‍ കോഡ് തുടങ്ങി 35 വിഷയങ്ങളെ കുറിച്ചുള്ള പഠനവും ചര്‍ച്ചയും നടക്കും. പ്രമുഖ മത പണ്ഡിതന്‍മാരും അക്കാദമിക് വിദഗ്ദരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫിഖ്ഹ് എക്‌സ്‌പോയും സെന്‍സോറിയത്തിന്റെ ഭാഗമായി നടക്കും. മാര്‍ച്ച് 25ന് രാവിലെ പത്തു മണിക്ക് സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. മൂന്ന് വേദികളിലായി നടക്കുന്ന സെന്‍സോറിയത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 മത വിദ്യാര്‍ഥികളാണ് പ്രതിനിധികള്‍.
മാര്‍ച്ച് 27ന് നടക്കുന്ന സമാപന സംഗമം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിക്കും.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സി ആര്‍ കെ മുഹമ്മദ്, എം ജുബൈര്‍, മുഹമ്മദ് നിയാസ് കോഴിക്കോട്, സ്വാഗതസംഘം ചെയര്‍മാന്‍ ഉണ്ണീന്‍ കുട്ടി സഖാഫി പാലോട്, കണ്‍വീനര്‍ അബൂബക്കര്‍ അവണക്കുന്ന് എന്നിവര്‍ സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ശഫീഖ് സഖാഫി, സ്വാഗതസംഘം ചെയര്‍മാന്‍ ഉണ്ണീന്‍ കുട്ടി സഖാഫി പാലോട് എന്നിവര്‍ പാലക്കാട് പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

