

മക്കരപ്പറമ്പ്: ആദ്യകാല മതപ്രഭാഷകനും എഴുത്തുകാരനുമായിരുന്ന തെക്കത്ത് ബീരാന് മൗലവി എന്ന അബുഉബൈദ് (83) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് മക്കരപ്പറമ്പ് അമ്പലപ്പടി മസ്ജിദുല്‍ ഉമറുല്‍ ഫാറൂഖ് ഖബര്‍ സ്ഥാനില്‍.

മുസ്ലിം ലീഗിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും ആദ്യകാല പ്രവര്‍ത്തകനായിരുന്നു. മതപ്രഭാഷകനായിരുന്ന ഇദ്ദേഹമാണ് ത്വലാഖ് എന്ന നവോഥാന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

അബൂഉബൈദ് എന്ന പേരില്‍ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്ര കഥാപ്രസംഗങ്ങള്‍, സാമൂഹ്യ പ്രാധാന്യമുള്ള നാടകങ്ങള്‍ എന്നിവ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മത- ഭൗതിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനുമായി ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തിയിരുന്നു.
മലപ്പുറം മുസ്ലിം ലീഗ് യൂത്ത് ഹെല്‍പേഴ്സ് സൊസൈറ്റി സ്ഥാപകന്‍, ചന്ദ്രിക ദിനപത്രം റിപ്പോര്‍ട്ടര്‍, തലശ്ശേരി കടവത്തൂര്‍ എരഞ്ഞിന്കീഴ് മദ്റസ, രാമപുരം സ്കൂള്‍പടി നൂറുല്‍ ഇസ്ലാം മദ്റസ, രാമപുരം ഹിന്ദു എല്‍ പി സ്കൂള്‍, കരിഞ്ചാപ്പാടി എല്‍ പി സ്കൂള്‍, മക്കരപ്പറമ്പ് ഉമറുല്‍ ഫാറൂഖ് മദ്റസ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. തിരൂര്‍, പാങ്ങ്, അലനല്ലൂര്‍ ജുമാ മസ്ജിദുകളില്‍ ഖത്തീബും ഇമാമുമായിട്ടുണ്ട്. പത്തു വര്ഷത്തോളംസൗദി അറേബ്യയിലും ജോലി ചെയ്തിരുന്നു.
മക്കരപ്പറമ്പിലെ ബൈത്തുന്നൂര്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ പഠനകേന്ദ്രം, തെക്കത്ത് മൂസ ഫാത്തിമക്കുട്ടി സ്മാരക ട്രസ്റ്റ്, ലൈബ്രറി എന്നിവയുടെ ചുമതല വഹിച്ചു വരികയായിരുന്നു.
ഭാര്യ: അമ്പലക്കുത്ത് മൈമൂന. മക്കള്‍: ഉമറുല്‍ ഫാറൂഖ്, ശബീറുദ്ദീന്, ഉബൈദുല്ല, ഷരീഫ, സുമയ്യ, ശഹര്ബാന്, റഹീന. മരുമക്കള്‍: ഉമ്മര്‍, മുഹമ്മദ്, ഫാറൂഖ്, മുഹമ്മദ് ഹുസൈന്, ശബ്ന, ഷബീറ കാരിയത്ത്, കദീജ. പിതാവ്: മൂസ. മാതാവ്: ഫാത്തിമക്കുട്ടി.

