

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രിക്കെതിരെ സമൂഹ മാധ്യമത്തില്‍ ലൈവ് നല്‍കിയതിന് തനിക്കെതിരെ പോലീസ് കള്ളക്കേസെടുത്തെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ തെളിവുകളുടെ അഭാവത്തില്‍ തള്ളി.

പരാതിക്കാരന് പോലീസന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് കേസ് തീര്‍പ്പാക്കിയത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഭാഗ്യരൂപയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉള്ളിയേരി സ്വദേശി വി എം ഷൈജുവിനെതിരെ കേസെടുത്തത്. പനി ബാധിച്ച മകനെ ചികിത്സിക്കാന്‍ എത്തിയതായിരുന്നു പരാതിക്കാരന്‍.

ക്യൂ തെറ്റിച്ച് രോഗികളെ ഡോക്ടറുടെയടുത്ത് കടത്തിവിട്ട സെക്യൂരിറ്റിയുടെ നടപടിയെയാണ് ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് താന്‍ ചോദ്യം ചെയ്തതെന്ന് പരാതിക്കാരന്‍ അറിയിച്ചു.
എന്നാല്‍ പരാതിക്കാരന്‍ ഡ്യൂട്ടി റൂമിന് മുന്നിലെത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി ബഹളം കൂട്ടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പോലീസ് മേധാവിയും കമ്മീഷനെ അറിയിച്ചു. അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചു.
പരാതിക്കാരനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ പരാതിക്കാരന് നല്‍കിയെങ്കിലും ആക്ഷേപം ഉന്നയിച്ചില്ല. പരാതിക്കാരനെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് അന്വേഷണ ഘട്ടത്തിലാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇപ്പോഴത്തെ അവസ്ഥയില്‍ കമ്മീഷന് ഇടപെടാനുള്ള സാഹചര്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.

