പണശക്തിയില്‍ അധികാരം നിലനിര്‍ത്തുന്ന പാര്‍ട്ടിയുടെ നേതാവ് കെ സുരേന്ദ്രനില്‍ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ബെഫി

Web Desk
2 Min Read

തിരുവനന്തപുരം: മൂലധനശക്തികളില്‍ നിന്നും ഇലക്ടറല്‍ ബോണ്ടു വഴി ലഭിക്കുന്ന പണശക്തിയില്‍ അധികാരം നിലനിര്‍ത്തുന്ന രാഷ്ടീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സുരേന്ദ്രനില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ബെഫി പോപ്പുലര്‍ ഫ്രണ്ടിനെക്കാള്‍ അപകടകാരികളാണെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സംഘടന. സുരേന്ദ്രന്റെ പ്രസ്താവനയും ദുഷ്പ്രചരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ബെഫി പ്രതികരിച്ചു.

city exchange

മോദിയും ഇ ഡിയും പോക്കറ്റിലുള്ളതുകൊണ്ടു മാത്രമാണ് കൊടകര കുഴല്‍പ്പണക്കേസില്‍ ജയിലില്‍ പോകാതെ ബി ജെ പി അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരുന്നത്. നോട്ടു നിരോധനക്കാലത്ത് സുരേന്ദ്രന്റെ സുരേന്ദ്രന്റെ പാര്‍ട്ടിയും പ്രധാനമന്ത്രിയും പുറമേക്ക് അവകാശപ്പെട്ട ഒന്നും രാജ്യത്ത് നടപ്പായില്ലെന്നും മാത്രമല്ല ബെഫിയടക്കമുള്ള ട്രേഡ് യൂണിയന്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടിയ പോലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയുകയാണ് ഉണ്ടായതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന കാര്യം ഓര്‍ക്കുന്നത് നന്നാവുമെന്നും ബെഫി ചൂണ്ടിക്കാട്ടി.

ബെഫിയോട് ബി ജെ പി നേതൃത്വത്തിനുള്ള എതിര്‍പ്പ് നോട്ടു നിരോധന കാലഘട്ടത്തില്‍ തുടങ്ങിയതാണെന്നും ഇപ്പോള്‍ മാര്‍ച്ച് മാസത്തില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് മൂലധന ശക്തികള്‍ക്ക് വലിയ അലോസരമുണ്ടാക്കിയിട്ടുണ്ട് എന്നത് അടുത്തയിടെ ട്രേഡ് യൂണിയന്‍ സംഘടനകളെ കരിവാരി തേക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ബെഫി പറഞ്ഞു.

- Advertisement -
Ad image

‘അഗ്രസ്സീവ് ട്രേഡ് യൂണിയനിസ’ത്തിനെതിരെ സി ഐ ഐ യും ഐ എ എസ് അസോസിയേഷന്‍ മുതല്‍ കെ എസ് ഇ ബി ചെയര്‍മാന്‍ വരെ നടത്തിക്കൊണ്ടിരിക്കുന്ന ജല്പനങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയാണെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിച്ച് ചങ്ങാത്ത മുതലാളിമാര്‍ക്ക് കൈമാറുന്നതിനെതിരെയുള്ള പ്രചരണം ശക്തിയായി തുടരാന്‍ താങ്കളുടെ പ്രസ്താവന പ്രചോദനമായതില്‍ ഞങ്ങള്‍ക്കുള്ള നന്ദി അറിയിക്കട്ടെ. കൂട്ടത്തില്‍ ബി എം എസിനെ കൂടി പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിക്കരുത് എന്ന ഒരഭ്യര്‍ഥനയുണ്ടെന്നും ബെഫി പറഞ്ഞു. കാരണം ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്കെടുത്തില്ലെങ്കിലും ബി എം എസ് പണിമുടക്കില്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിപ്പുള്ളവരായിരുന്നു.

പണിമുടക്കിനെ എതിര്‍ത്തില്ല എന്നു മാത്രമല്ല പണിമുടക്കു വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതാനും ബി എം എസ് തയ്യാറായി. 2015 വരെ ബി എം എസ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ ഭാഗമായിരുന്നതും താങ്കളെ ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ, എന്നും പ്രസ്താവനയില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!