

കോഴിക്കോട്: കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അധികാരമുള്ള ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കേരള മുസ്ലിം ജമാഅത്ത്. മദ്യപിച്ച് ലക്കുകെട്ട് എല്ലാ നിയമങ്ങളും അവഗണിച്ച് വാഹനമോടിച്ചാണ് പ്രതി കെ എം ബഷീറിനെ കൊലപ്പെടുത്തിയത്.

നിയമ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഉന്നത ഭരണത്തിലിക്കുന്നയാളാണ് ശ്രീറാം വെങ്കിട്ടരാമന്. അദ്ദേഹത്തിന് ജില്ലയിലെ നിയമ കാര്യങ്ങളില്‍ ഇടപെടാവുന്ന അധികാരം എന്തിന്റെ പേരിലായാലും നല്‍കുന്നത് അനുചിതവും നിയമ വ്യവസ്ഥയോടുള്ള വെല്ലു വിളിയുമാണ്.

കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലുവിളിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളുമാണ്. സര്‍വീസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതുസമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം പുന:പരിശോധിക്കണം. അല്ലാത്തപക്ഷം ശക്തമായി തെരുവിലിറങ്ങി സമയരം ചെയ്യേണ്ടി വരുമെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് അറിയിച്ചു.

