വേറിട്ട കാഴ്ചയായി യെല്‍ദോയുടെ ചിത്രപ്രദര്‍ശനം

Web Desk
1 Min Read

കോഴിക്കോട്: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കുകയാണ് യെല്‍ദോ തണ്ണിക്കോടിന്റെ ചിത്രങ്ങള്‍. മണ്ണിനും മരത്തിനും മേല്‍ അധീശത്വം സ്ഥാപിക്കുന്ന മനുഷ്യനുള്ള താക്കീത് കൂടിയാകുന്നു അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ഒരുക്കിയ അഞ്ചുനാള്‍ നീളുന്ന ചിത്രപ്രദര്‍ശനം. എല്ലാ ജീവിവര്‍ഗങ്ങള്‍ക്കും ഭൂമിയിലുള്ള തുല്യാവകാശത്തെ മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങള്‍ ലിംഗനീതിയും സ്ഥിതി സമത്വവും ചര്‍ച്ച ചെയ്യുന്നു.

city exchange

ലളിതമായ നിറവിന്യാസത്തില്‍ വീതിയുള്ള ബ്രഷ് വര്‍ക്കുകള്‍ പ്രൊഫഷനലുകളെയും സാധാരണക്കാരായ ചിത്രകലാസ്വാദകരെയും ഒരു പോലെ ആകര്‍ഷിക്കുന്നതാണ്. മലയാളിക്ക് അന്യംനിന്നു പോകുന്ന കൃഷിയും കന്നുകാലി പരിചരണവും കര്‍ഷകനും ചേര്‍ന്നുള്ള ചിത്ര പരമ്പര പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി. തിരിച്ചെടുക്കാനാകത്തവിധം നഷ്ടപ്പെട്ടപ്പോയ സംസ്‌കൃതിയെ ഉള്‍ച്ചേര്‍ക്കുന്നു ഈ ചിത്രങ്ങള്‍. ലോകത്തെമ്പാടുമായി ഉടലെടുത്ത ആധുനിക സംസ്‌കാരങ്ങള്‍ കൃഷിയുമായി ബന്ധപ്പെട്ടണെന്നും കാര്‍ഷിക മേഖലയെ കൈവെടിയുന്ന മനുഷ്യന്‍ സ്വന്തം സംസ്‌കാരത്തെത്തന്നെയാണ് അന്യാധീനപ്പെടുത്തുന്നതെന്നും യെല്‍ദോയുടെ ചിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

മൂന്നുപതിറ്റാണ്ടിലേറെയായി ചിത്രകലാ രംഗത്തുള്ള യെല്‍ദോ രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം അമ്പതിലേറെ സോളോ, ഗ്രൂപ്പ് ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ചിത്രകലാ ക്യാംപുകളുടെ അനുഭവ സമ്പത്തുള്ള അദ്ദേഹം കേരളത്തിലും പശ്ചിമേഷ്യയിലുമായി മികച്ച ക്യൂറേറ്റര്‍ എന്ന നിലയ്ക്കും അറിയപ്പെടുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ യെല്‍ദോ തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂളില്‍ തുടങ്ങി രാജ്യത്തെ വിവിധ ഫൈന്‍ ആര്‍ട്സ് സ്‌കൂളുകളിലും കോളജുകളിലും അധ്യാപകനായിരുന്നിട്ടുണ്ട്. ഇപ്പോള്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ വാദി അല്‍ കബീറില്‍ സി ബി എസ് ഇ ബോര്‍ഡ് എക്സാമിനേഷന്‍സ് ഒബ്സര്‍വര്‍.

- Advertisement -
Ad image

ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ തുടങ്ങിയ ചിത്ര പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി നിര്‍വാഹക സമിതി അംഗം സുനില്‍ അശോകപുരം, സുധീഷ് കെ, നിധീഷ് കുമാര്‍, ശബാബ് ബാവ, മാധ്യമ പ്രവര്‍ത്തകന്‍ വിപിന്‍ വി രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജൂലൈ 30ന് പ്രദര്‍ശനം സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!