

ആലുവ: സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും 21 ശതമാനം ക്ഷാമാശ്വാസം/ ക്ഷാമബത്ത അനുവദിക്കേണ്ടിയിരുന്നതിനു പകരം 2021 ജനുവരി മുതല്‍ അനുവദിക്കേണ്ടിയിരുന്ന രണ്ട് ശതമാനം മാത്രം കുടിശ്ശിക ഇല്ലാതെ 2024 ഏപ്രില്‍ മുതല്‍ മാത്രം അനുവദിച്ചു പെന്‍ഷന്‍കാരെയും ജീവനക്കാരെയും വഞ്ചിച്ച ഇടതുപക്ഷ സര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിക്കാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു രേഖപ്പെടുത്തണമെന്ന് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍ കുറുപ്പ് അഭ്യര്‍ഥിച്ചു.

ചീഫ് സെക്രട്ടറി ഉള്‍പ്പെടെ സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഐ എ എസ്, ഐ പി എസ് ഉദ്യൊഗസ്ഥര്‍ക്കും മറ്റ് ഉന്നതര്‍ക്കും ഈ ആനുകുല്യങ്ങള്‍ കുടിശ്ശിക സഹിതം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തുച്ഛ വരുമാനക്കാരായ ജീവനക്കാരോടും പെന്‍ഷന്‍കാരോടും കാണിക്കുന്ന കുറ്റകരമായ അവഗണനയും വിവേചനവും ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യപരമാണെന്നും അറിയിച്ചു.

അനുവദിച്ച പെന്‍ഷന്‍ പരിഷ്‌കരണ/ ക്ഷാമാശ്വാസ കുടിശ്ശികകള്‍ വിതരണം ചെയ്യാത്തതും 2024 ജൂണ്‍ മാസം മുതല്‍ നടപ്പാക്കേണ്ട പെന്‍ഷന്‍ പരിഷ്‌കരണത്തിനുള്ള കമ്മീഷന്‍ നിയമനകാര്യത്തിലും ‘മെഡീസെപ്പി’ലെ അപാകതകള്‍ പരിഹരിക്കാത്തതും ശമ്പളവും പെന്‍ഷനും മറ്റും വിതരണം ചെയ്യുന്നതിന് മനഃപൂര്‍വം ഉണ്ടാക്കുന്ന കാലതാമസവൂം ആശങ്കാജനകമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
