
മനില: ലോകത്തിലാദ്യമായി ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിലിപ്പൈന്‍സ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണ വിതരണത്തിലെ തടസ്സങ്ങളാണ് ഫിലിപ്പൈന്‍സില്‍ ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായത്.

ആവശ്യമായ എണ്ണയുടെ 98 ശതമാനവും ഫിലിപ്പൈന്‍സ് പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ പല തവണ ഇന്ധനവില വര്‍ധിച്ച രാജ്യത്ത് ഡീസലിനും പെട്രോളിനും ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്.

പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ രാജ്യത്തിന്റെ ഊര്‍ജ വിതരണത്തിന് ഭീഷണി നിലനില്‍ക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഊര്‍ജ സ്ഥിരത ഉറപ്പാക്കാനും സമ്പദ്വ്യവസ്ഥ സംരക്ഷിക്കാനുമായി സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനുള്ള നിയമപരമായ അധികാരം ഈ പ്രഖ്യാപനം നല്‍കുന്നു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ധനം, ഭക്ഷണം, മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അനിവാര്യ സാധനങ്ങളുടെ വിതരണ നിയന്ത്രണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചു. കൂടാതെ, ഇന്ധനവും പെട്രോളിയം ഉത്പന്നങ്ങളും നേരിട്ട് വാങ്ങാനുള്ള അധികാരവും സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ നിലവിലുള്ള ഉപയോഗ നിരക്കില്‍ ഫിലിപ്പൈന്‍സിന് ഏകദേശം 45 ദിവസത്തേക്കാണ് ഇന്ധന ശേഖരം ശേഷിക്കുന്നതെന്നാണ് ഊര്‍ജമന്ത്രി അറിയിച്ചത്. ഈ ഉത്തരവ് ഒരു വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ തുടരുമെങ്കിലും ദീര്‍ഘിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യാം.

