ശബരി റെയില്‍വേ മരവിപ്പിക്കല്‍ തീരുമാനം പിന്‍വലിച്ച് പദ്ധതി ഉടന്‍ നടപ്പാക്കണം: ബെന്നി ബഹനാന്‍

Web Desk
2 Min Read

ന്യൂദല്‍ഹി: ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് തുടക്കമിട്ട ശബരി റെയില്‍വേ പദ്ധതി മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണോയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ തുടങ്ങിയവരും എം പിക്കൊപ്പമുണ്ടായിരുന്നു.

city exchange

1997- 98 റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയ അങ്കമാലി- ശബരി റെയില്‍പ്പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള എട്ട് കിലോമീറ്റര്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷന്‍, പെരിയാറിന് കുറുകെയുള്ള റെയില്‍വേ പാലം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

തുടക്കത്തില്‍ 550 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നീണ്ടു പോയതിനെത്തുടര്‍ന്ന് ഭൂമിയുടെ വില ഉള്‍പ്പെടെയുള്ള നിര്‍മ്മാണച്ചിലവ് പല മടങ്ങ് വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് പദ്ധതിയുടെ പകുതിച്ചെലവ് കേരള സര്‍ക്കാര്‍ വഹിച്ചാല്‍ മാത്രമേ നിര്‍മ്മാണം ഏറ്റെടുക്കാന്‍ കഴിയൂ എന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. എന്നാല്‍ പകുതി ചിലവ് വഹിക്കാന്‍ കഴിയില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 2019 സെപ്തംബര്‍ 26ന് ശബരി റെയില്‍വേ പദ്ധതി മരവിപ്പിച്ചു കൊണ്ട് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി- ശബരിപാത യാഥാര്‍ഥ്യമായാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് പുറമെ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, ഭരണങ്ങാനം എന്നിവിടങ്ങളിലേക്കും എളുപ്പം എത്തിച്ചേരാനാകും.

കൂടാതെ കേരളത്തിന് പുതിയ റെയില്‍പാത തുറന്ന് കിട്ടുകയും ഭാവിയില്‍ കൊല്ലം- ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുവാനും കഴിയുമെന്ന് എം പി മന്ത്രിയെ ധരിപ്പിച്ചു. നിലവില്‍ റെയില്‍വേ ലൈന്‍ കടന്നു പോകാത്ത ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ക്കും പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല, കാഞ്ഞിരപ്പിള്ളി, എരുമേലി മുതലായ പ്രദേശങ്ങളിലെ വ്യാപാര കാര്‍ഷിക മേഖലകള്‍ക്കും പദ്ധതി ഏറെ പ്രയോജനപ്പെടും.

- Advertisement -
Ad image

പ്രധാന മന്ത്രിയുടെ പ്രഗതി പ്ലാനില്‍ ഉള്‍പ്പെടുത്തിയ ശബരി റെയില്‍വേ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി കേരള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുകയും ശബരി റെയില്‍വേ പദ്ധതിയുടെ അന്‍പത് ശതമാനം ചിലവ് വഹിക്കുവാനുള്ള സന്നദ്ധത റെയില്‍വേ മന്ത്രാലയത്തെ അറിയിക്കുകയും കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന ഏജന്‍സിയോട് വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടതനുസരിച്ച് 3454.09 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളതുമാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ശബരി റെയില്‍വേ പദ്ധതി മരവിപ്പിച്ച റെയില്‍വേ ബോര്‍ഡ് തീരുമാനം പിന്‍വലിച്ച് പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുനരാരംഭിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും എം പി മന്ത്രിയോടാവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!