
കൊച്ചി: കുടുംബ ബിസിനസുകള്‍ പുതിയ തലങ്ങളിലേക്ക് വളരാന്‍ പുറമെ നിന്നുള്ള നിക്ഷേപകരെ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് കല്യാണ്‍ ജൂവല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഫാമിലി ബിസിനസ് കോണ്‍ക്ലേവില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാധാരണഗതിയില്‍ മൂന്ന് തലമുറകള്‍ കഴിയുമ്പോള്‍ ഫാമിലി ബിസിനസില്‍ വളര്‍ച്ച മുരടിക്കുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ കുടുംബ ബിസിനസില്‍ വളര്‍ച്ച കൂടുതലാണ്. നാലും അഞ്ചും തലമുറയായി തുടരുന്ന കമ്പനികളുണ്ട്. ജീവനക്കാരോടും ഉപഭോക്താക്കളോടും നല്ല രീതിയില്‍ പെരുമാറുകയെന്നത് ഏതൊരു ബിസിനസിലും പ്രധാനപ്പെട്ടതാണ്. തിയററ്റിക്കല്‍ എക്സ്പീരിയന്‍സിനേക്കാള്‍ മുകളിലാണ് പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സെന്നും ടി എസ് കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു.

പ്രശ്നങ്ങള്‍ പരിഹരിച്ച് അഭിപ്രായ ഭിന്നതകളില്ലാതെ എങ്ങനെ കുടുംബ ബിസിനസ് വളര്‍ത്താമെന്ന വിഷയത്തെ കുറിച്ച് ഫാമിലി ബിസിനസ് കണ്‍സള്‍ട്ടിംഗ് രംഗത്തെ പ്രമുഖന്‍ പ്രൊഫ. കാവില്‍ രാമചന്ദ്രന്‍ പ്രഭാഷണം നടത്തി.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 300ലേറെ പേര്‍ പ്രതിനിധികളായെത്തിയ കോണ്‍ക്ലേവില്‍ മുത്തൂറ്റ് ഫിനാന്‍സ് എം ഡി ജോര്‍ജ് അലക്സാണ്ടര്‍, സിന്തൈറ്റ് ഗ്രൂപ്പ് എം ഡി അജുജേക്കബ്, എ വി എ ഗ്രൂപ്പ് എം ഡി എ വി അനൂപ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ തുടങ്ങി 25 ലധികം പ്രാഭഷകര്‍ പങ്കെടുത്തു.
എങ്ങനെ ശക്തമായൊരു കുടുംബ ബിസിനസ് കെട്ടിപ്പടുക്കാം, കുടുംബ ബിസിനസുകളെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ വേണ്ടി ഗവേണന്‍സില്‍ വരുത്തേണ്ട മാറ്റങ്ങള്‍, പുറമേ നിന്ന് ഫണ്ട് എങ്ങനെ സമാഹരിക്കാം, കുടുംബ ബിസിനസിന്റെ സാരഥ്യത്തിലുള്ള ദമ്പതികളുടെ ജീവിത, ബിസിനസ് അനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍, കുടുംബ ബിസിനസില്‍ എങ്ങനെ പിന്‍തുടര്‍ച്ചാക്രമം നിശ്ചയിക്കാം, കുടുംബ ബിസിനസിലെ യുവ സാരഥികള്‍ എങ്ങനെ പാരമ്പര്യത്തെ മുറുകെ പിടിച്ച് ബിസിനസിനെ രൂപാന്തരപ്പെടുത്തുന്നു, കുടുംബ ബിസിനസുകളെ പ്രൊഫഷണലൈസ് ചെയ്യുന്നതില്‍ കുടുംബത്തിന് പുറമേ നിന്നുള്ള ചീഫ് എക്‌സിക്യൂട്ടിവുകളുടെ റോള്‍, കുടുംബ ബിസിനസ് ഭരണഘടന എന്തുകൊണ്ട് പ്രസക്തമാകുന്നു തുടങ്ങി ഒട്ടനവധി വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും കോണ്‍ക്ലേവിനെ മികവുറ്റതാക്കി.

