

പുളിക്കല്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വഖഫ് നിയമ ഭേദഗതിനിയമം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നും സര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറണമെന്നും കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. വഖഫ് സ്വത്തുക്കള്‍ വിശ്വാസികള്‍ തന്നെ കൈകാര്യം ചെയ്യണമെന്നും അതിനുമേല്‍ അന്യായമായി കടന്നുകയറാനുള്ള ഏതു ശ്രമങ്ങളെയും ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് എം എസ് എം- എം ജി എം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദഅ്വ: 25 വാര്‍ഷിക സമ്മേളനം എം സി സി നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതനിയമങ്ങളനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് വരുത്തിയിട്ടുണ്ട്. വഖ്ഫ് മുസ്ലിംകളുടെ മതപരമായ കാര്യമാണ്. അതില്‍ കൈ കടത്തുന്നത് അനുവദിക്കില്ലെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബേഡ് വ്യക്തമാക്കിയ കാര്യം ലോ ബോര്‍ഡ് അംഗവും കൂടിയായ ഡോ. മടവൂര്‍ പറഞ്ഞു.

കലാലയങ്ങളെ സ്വര്‍ഗീയമാക്കാന്‍ കിരാതങ്ങളില്‍ അഭയം തേടുന്ന കൗമാരം സമകാലിക സമൂഹത്തിന്റെ സൈ്വര ജീവിതത്തിനുള്ള കനത്ത വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണയം അതിന്റെ സര്‍വ സീമകളും ലംഘിച്ച് അധാര്‍മികതകളുടെ അകമ്പടിയില്‍ അടിച്ചുപൊളിക്കുന്ന പുതുതലമുറ ദിശയറിയാതെ നാശഗര്‍ത്തങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. ഉന്നത വിദ്യാഭ്യാസ കലാലയങ്ങളില്‍ പലതിലും സര്‍ക്കാരുകള്‍ക്ക് പോലും നിയന്ത്രിക്കാനാവാത്ത വിധം നിയമവാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. മാരകായുധങ്ങളുമായി ക്യാംപസുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത് ആരായാലും ചരിത്രം അവര്‍ക്ക് മാപ്പു തരില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാന്തങ്ങള്‍ക്കപ്പുറം ധാര്‍മികവും ആദര്‍ശനിബദ്ധവുമായ പ്രായോഗിക ജീവിതത്തിലൂടെ പുതു വിദ്യാര്‍ഥിത്വത്തെ വഴിനടത്തണം. ജീര്‍ണതക്കും തീവ്രതക്കും മധ്യേ ഇസ്ലാമിന്റെ തനതായ വഴി തെരഞ്ഞെടുത്തവര്‍ക്ക് അപരനെ നിഷ്ടൂരമായി നോവിച്ച് ആനന്ദിക്കാനാവില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളേജ് അറബിക് വിഭാഗം മേധാവി ഡോ. ബഷീര്‍ മാഞ്ചേരി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുഷുകൂര്‍ സ്വലാഹി, ബഷീര്‍ പട്ടേല്‍താഴം എന്നിവര്‍ ‘കാതലുള്ള വിദ്യാര്‍ഥിത്വം’, ‘ഖുര്‍ആന്‍ വിളിക്കുന്നു’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു.
കെ എന്‍ എം ജില്ലാ പ്രസിഡണ്ട് പി കെ ഇസ്മായില്‍ എന്‍ജിനീയര്‍, സെക്രട്ടറി ടി യൂസഫലി സ്വലാഹി, എന്‍ കുഞ്ഞിപ്പ മാസ്റ്റര്‍, എം എസ് എം ജില്ലാ സെക്രട്ടറി ഷഫീഖ് സ്വലാഹി ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു.
‘കരുത്തുള്ള വിശ്വാസം, കാതലുള്ള വിദ്യാര്‍ഥിത്വം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന സ്റ്റുഡന്റ്‌സ് ടോക്കില്‍ ടി വി ഇബ്രാഹിം എം എല്‍ എ മുഖ്യാതിഥിയായി.
ഞായറാഴ്ച രാവിലെ നടക്കുന്ന ഹദീസ് പാഠം സെഷന് ഡോ. വി നിഷാദലി മദനി നേതൃത്വം നല്‍കും. കുരുന്നുകള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന കളിച്ചങ്ങാടം ബാലസമ്മേളനം കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശ് സി കെ മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും. ഡോ. സൈഫുദ്ദീന്‍ സ്വലാഹി, അബ്ദുസ്സലാം അന്‍സ്വാരി കുട്ടികളുമായി സംവദിക്കും.
രാവിലെ പത്തിന് തന്‍ശീത്വ് സ്റ്റുഡന്‍സ് വര്‍ക്ക് ഷോപ്പിന് നസീറുദ്ദീന്‍ റഹ്മാനി, ഫഹദ് ബിന്‍ റഷീദ് മദനി നേതൃത്വം നല്‍കും. ഉച്ചക്ക് നടക്കുന്ന പഠന ക്ലാസില്‍ അബ്ദുല്‍ മജീദ് സുഹ്‌രി പ്രസംഗിക്കും.
കുടുംബ സമ്മേളനം കോളേജ് മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് പി മുഹിയുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യും. കാവലാകുന്ന കുടുംബം എന്ന വിഷയത്തില്‍ ജലീല്‍ മാമാങ്കര, ശൗക്കത്തലി അന്‍സാരി പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന പൊതു സമ്മേളനം കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ പി അബ്ദു റഷീദ് അധ്യക്ഷത വഹിക്കും. കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി ഹനീഫ് കായക്കൊടി, കെ ജെ യു അസിസ്റ്റന്റ് സെക്രട്ടറിമാരായ ഡോ. എന്‍ മുഹമ്മദലി അന്‍സ്വാരി, ടി പി അബ്ദുറസാഖ് ബാഖവി, ഡോ. മുനീര്‍ മദനി, ശാഹിദ് മുസ്ലിം ഫാറൂഖി എന്നിവര്‍ സമാപന സമ്മേളനത്തില്‍ പ്രഭാഷണം നിര്‍വഹിക്കും.

