മിന്നല്‍ മച്ചാനും കൂട്ടാളികളും എം ഡി എം എയുമായി പിടിയില്‍

Web Desk
3 Min Read

കൊച്ചി: എണാകുളം ടൗണിലെ വിവിധ പ്രദേശങ്ങളില്‍ എക്സൈസ് നടത്തിയ പ്രത്യേക പരിശോധയില്‍ മയക്കു മരുന്നുമായി നാല് യുവാക്കള്‍ പിടിയിലായി. എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തി വന്നിരുന്ന കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ നിലംബം ദേശത്ത് വടക്കയില്‍ വീട്ടില്‍ ഷാന്‍ മുഹമ്മദ് ഷെരീഫ് (27), ഇടുക്കി ഉടുമ്പഞ്ചോല താലൂക്കില്‍ കാറ്റടിക്കവല ദേശത്ത് നാട്ടുവാതില്‍ വീട്ടില്‍ നന്ദു എസ് ആനന്ദ് (മിന്നല്‍ മച്ചാന്‍- 24), മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം വില്ലേജ് പുളിഞ്ചോട് ദേശത്ത് കണിപ്ലാക്കല്‍ വീട്ടില്‍ ആലിഫ് മുഹമ്മദ് സൈഫുദ്ദീന്‍ (26), തൃശൂര്‍ വൈലത്തൂര്‍ ദേശത്ത് തലക്കോട്ടൂര്‍ വീട്ടില്‍ ഫിനു ജോണ്‍സന്‍ (26) എന്നിവരാണ് എറണാകുളം സിറ്റി എക്സൈസ് റേഞ്ചിന്റെ പിടിയിലായത്. ഇവരില്‍ നിന്നും കെ 17 ഗ്രാമോളം എം ഡി എം എ പിടിച്ചെടുത്തു.

city exchange

എറണാകുളം ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലൂര്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത് നിന്ന് ഷാന്‍ മുഹമ്മദ് ഷെരീഫ് എം ഡി എം എയുമായി പിടിയിലാകുന്നത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വന്‍ സംഘത്തിന്റെ ചുരുള്‍ അഴിഞ്ഞ് വീണത്. എറണാകുളം ടൗണില്‍ 12 ലക്ഷത്തോളം വിലവരുന്ന ആഢംബര ബൈക്കില്‍ (സൂപ്പര്‍ ബൈക്ക്) കറങ്ങി നടന്ന് മയക്കുമരുന്ന് കൈമാറി ശരവേഗത്തില്‍ കുതിച്ച് പായുന്ന നൈറ്റ് റൈഡേഴ്സ് ടാസ്‌ക് ടീം എന്ന മയക്ക് മരുന്ന് സംഘത്തിലെ മിന്നല്‍ മച്ചാന്റെയും (നന്ദു) കൂട്ടാളികളുടെയും സംഘത്തില്‍ ഉള്ളതാണെന്ന് മനസ്സിലായത്. മിന്നല്‍ മച്ചാനെ കുറിച്ചുള്ള വിവരം നേരത്തെ തന്നെ എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചിരുന്നു. എങ്കിലും, സൂപ്പര്‍ ബൈക്കില്‍ വളരെ അപകടകരമായ രീതിയില്‍ കുതിച്ച് പായുന്ന നന്ദു എസ് ആനന്ദിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുമായി ഫിനു ജോണ്‍സന്‍, നന്ദു എസ് ആനന്ദ് എന്നിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് പരിസരത്ത് നിന്നും ആലിഫിനെ ഇടപ്പള്ളി ഒബ്റോണ്‍ മാളിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്.

- Advertisement -
Ad image

പിടിക്കപ്പെടുമ്പോള്‍ മാരക ലഹരിലായിരുന്ന ഇവരെ നാലുപേരെയും നാട്ടുകാരുടെ കൂടി സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ മയക്ക് മരുന്ന് വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഒരു സൂപ്പര്‍ ബൈക്കും രണ്ട് ന്യൂജനറേഷന്‍ ബൈക്കുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.

ആലിഫ് മുഹമ്മദിന്റെ സഹായത്തോടെ ബാംഗ്ലൂരില്‍ നിന്ന് മയക്ക് മരുന്ന് നേരിട്ട് എറണാകുളത്ത് എത്തിച്ച ശേഷം നൈറ്റ് റൈഡേഴ്സ് ടാസ്‌ക് ടീം എന്ന പേരില്‍ മിന്നല്‍ മച്ചാനും കൂട്ടാളികളും എറണാകുളം ടൗണില്‍ വ്യാപകമായി മയക്ക് മരുന്ന് വില്‍പ്പന നടത്തി വരുകയായിരുന്നു. ‘സ്പെഷ്യല്‍ മെക്സിക്കന്‍ മെത്ത്’ എന്ന വ്യാജേന ഗ്രാമിന് 4000 മുതല്‍ 6000 രൂപ വരെയുള്ള നിരക്കിലാണ് ഇവര്‍ എംഡി എം എ വില്‍പ്പന നടത്തി വന്നിരുന്നത്. പിടിയിലായ ശേഷവും നിരവധി പേരാണ് ഇവരുടെ മൊബൈല്‍ ഫോണിലേക്ക് മയക്ക്മരുന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നത്.

ഇവരുടെ കെണിയില്‍ അകപ്പെട്ട യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിന്റെ സൗജന്യ ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കും. പിടിയിലായ നാലു പേരുടെയും മയക്ക്മരുന്ന് ഇടപാടുകളെ സംബന്ധിച്ചും മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ എം എസ് ഹനീഫ, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത് കുമാര്‍, എസ് സുരേഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി ഇ ഒ എന്‍ ഡി ടോമി, സി ഇ ഒ ഫ്രെഡി ഫര്‍ണാണ്ടസ്, എ സിയാദ്, ഡി ജി ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!