ഇന്ത്യ- ജപ്പാന്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് സാധ്യതകളേറെ: കെന്‍ജി മിയാത്ത

Web Desk
2 Min Read

കൊച്ചി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണവും ബന്ധവും വര്‍ധിപ്പിക്കുന്നതിന് ഒരുപാട് സാധ്യതകള്‍ നിലവിലുണ്ടെന്ന് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ജപ്പാന്‍ ഇന്‍ ചെന്നൈ കെന്‍ജി മിയാത്ത. ഇന്ത്യ- ജപ്പാന്‍ ബന്ധത്തിനും സഹകരണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍ തുടരുമെന്നും കെന്‍ജി മിയാത്ത പറഞ്ഞു. കൊച്ചിയില്‍ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച ഇന്തോ- ജപ്പാന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ജപ്പാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ സഹകരണത്തോടെ കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച ദ്വിദിന ഇന്തോ- ജപ്പാന്‍ അന്താരാഷ്ട്ര സമ്മേളനം കൊച്ചിയില്‍ പര്യവസാനിച്ചു. ഇന്ത്യ- ജപ്പാന്‍ സഹകരണവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമുള്ള ഏകീകൃത വേദിയായിരുന്നു സമ്മേളനം. ഇന്ത്യയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള പ്രതിനിധികളും പ്രഭാഷകരും സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യ- ജപ്പാന്‍ നയതന്ത്ര ബന്ധവുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്ര തന്ത്രം, വിദേശ നയം, സമുദ്ര വാണിജ്യം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ വിദഗ്ധര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

‘ധാരാളം വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടു, കൂടാതെ നല്ല വിശകലനങ്ങളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. പല മേഖലകളിലെയും കണക്റ്റിവിറ്റി ചര്‍ച്ച ചെയ്തു. അതുപോലെ തന്നെ ചില ബുദ്ധിമുട്ടുകളും പരിമിതികളും നിലവിലുണ്ട്. എന്നാല്‍ ഇന്ത്യ- ജപ്പാന്‍ സഹകരണം വിപുലീകരിക്കുന്നതിന് നിരവധി സാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ട്. ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസം ഭാവി സഹകരണത്തിന് ഉപയോഗപ്രദമാകും,’ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെന്‍ജി മിയാത്ത പറഞ്ഞു.

- Advertisement -
Ad image

‘ഇത് വളരെ പ്രസക്തമായ ഒരു സമ്മേളനമായി ഞാന്‍ കരുതുന്നു. വ്യാപാരവും നിക്ഷേപവും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കനിരിക്കുകയാണ്. മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശിക്കുന്നുമുണ്ട്. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ രണ്ടാം തവണ ഇവിടെ എത്തിയിരിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന പങ്കാളിത്തവും ഇടപഴകലും കാണിക്കുന്നു. ഈ അന്താരാഷ്ട്ര സമ്മേളനം ഇന്ത്യയും ജപ്പാനും തമ്മിലുള്ള മനോഹരമായ ബന്ധം ഊട്ടിഉറപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യാ- ജപ്പാന്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വളരെ ഫലപ്രദമായ ഇടപെടലും ചര്‍ച്ചകളും നടത്താനായതില്‍ സന്തോഷമുണ്ട്,’ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാന്‍ ഡി ധനുരാജ് പറഞ്ഞു.

സമ്മേളനത്തിലെ അഞ്ച് സെഷനുകളായി നടന്ന ചര്‍ച്ചയില്‍ ഇന്ത്യ- ജപ്പാന്‍ സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംവദിച്ചു. ഐ പി ഒ ഐ, എഫ് ഒ ഐ പി, എ ഒ ഐ പി എന്നിവ തമ്മിലുള്ള കൂട്ടായ്മ; പുതിയ സാങ്കേതികവിദ്യകള്‍, ഷിപ്പിംഗ്, തുറമുഖങ്ങള്‍ എന്നിവയിലെ സഹകരണം; ദുരന്ത ലഘൂകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍; ഇന്ത്യ- ജപ്പാന്‍ സഹകരണത്തിലെ അവസരങ്ങളും വെല്ലുവിളികളും: നയതന്ത്രപരവും ആഗോളവുമായ കൂട്ടായ്മ; ഇന്തോ പസഫിക്കില്‍ ഇന്ത്യയ്ക്കും ജപ്പാനുമായുള്ള കൂട്ടായ്മയും വെല്ലുവിളികളും: സുരക്ഷയും പ്രതിരോധ സഹകരണവും, എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!