
കൊച്ചി: മൂന്നു ദിവസമായി കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഹോട്ടല്‍ടെക് പ്രദര്‍ശനത്തിന്റെ 11-ാം പതിപ്പ് സമാപിച്ചു. സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച ഹോട്ടല്‍ടെകില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 65-ലേറെ പ്രദര്‍ശകര്‍ പങ്കെടുത്തു. കോവിഡിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം ഓണ്‍ലൈനായി നടത്തിയതിനു ശേഷം നേരിട്ട് നടത്തിയ ഈ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഹോട്ടല്‍ടെക് പ്രദര്‍ശനത്തിന്റെ ഭാഗമായി അരങ്ങേറിയ കേരളാ കലിനറി ചലഞ്ചില്‍ (കെ സി സി) മികച്ച കലിനറി സ്ഥാപനമായി ക്രൗണ്‍ പ്ലാസ കൊച്ചിയും ഹൗസ്‌കീപ്പേഴ്സ് ചലഞ്ചില്‍ (എച്ച്കെ സി) അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സും തെരഞ്ഞെടുക്കപ്പെട്ടു.

വ്യക്തിഗത മത്സരങ്ങളിലെ വിജയികള്‍: ഹോട്ട് കുക്കിംഗ് ഫിഷ് വിഷ്ണു എം, അജിത് വര്‍മ, ക്രൗണ്‍ പ്ലാസ, അനു ഇ പോള്‍, വണ്ടര്‍ല; ബ്രെഡ് ആന്‍ഡ് പേസ്ട്രി ഡിസ്‌പ്ലേ- സെബിന്‍ ജയിംസ്, ക്രൗണ്‍ പ്ലാസ, ആന്ദം, മൗണ്ടന്‍ ക്ലബ് റിസോര്‍ട്ട്; ഹോട്ട് കുക്കിംഗ് മീറ്റ്- വിഷ്ണു എം, സെലാം സേത് ശ്രീനു, അമര്‍നാഥ് സിംഗ്, മൂന്നും ക്രൗണ്‍ പ്ലാസ; ഹോട്ട് കുക്കിംഗ് ചിക്കന്‍- ധര്‍മേന്ദ്ര സിംഗ്, വിഷ്ണു എം, ക്രൗണ്‍ പ്ലാസ, അനു ഇ പോള്‍, വണ്ടര്‍ലാ; കേരള വിഭവം- റെജിമോന്‍, ക്രൗണ്‍ പ്ലാസ, പ്രവീണ്‍ പി ബി, ബാക്ക് വാട്ടര്‍ റിപ്പ്ള്‍സ്, അരുണ്‍ ടി, വണ്ടര്‍ല, വിഷ്ണു സി, ക്രൗണ്‍ പ്ലാസ; റൈസ് ഡിഷ്- റെജിമോന്‍ പി എസ്, ചിന്മയ പാണ്ഡ, ക്രൗണ്‍ പ്ലാസ: ക്രിയേറ്റീവ് സലാഡ്സ്- അഗസ്റ്റിന്‍ ബെന്‍സണ്‍, ക്രിസ്റ്റീന്‍ തോമസ്. വിജയികള്‍ക്ക് ജൂറി അംഗങ്ങള്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. സെലിബ്രിറ്റി ഷെഫ് അലന്‍ പാമര്‍, ഷെഫ് റഷീദ്, ഷെഫ് ജോര്‍ജ് കെ ജോര്‍ജ്, രാജീവ്, അനീറ്റ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
