

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലൂടെ പോകുന്ന നിര്‍മ്മല സ്കൂള്‍ മുതല്‍ അതിര്‍ത്തിയായ കുന്നത്തേരി വരെയുള്ള പൈപ്പ് ലൈന്‍ റോഡ് നവീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചു. പൈപ്പ് ലൈന്‍ റോഡ് വര്‍ഷങ്ങളായി തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്.

എറണാകുളം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും നെടുമ്പാശ്ശേരി ഡിവിഷന് അംഗവുമായ എം ജെ ജോമിയുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി വാട്ടര്‍ അതോറിറ്റിയെ സമീപിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്നും യാതൊരു അനുകൂല നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി അന്‍വര്‍ സാദത്ത് എം എല്‍ എയെ സമീപിച്ച് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയതോടെ എം എല്‍ എ എം ജെ ജോമിയോട് കാര്യം പറയുകയും യാത്രക്കാരുടെയും ജനങ്ങളുടെയും ദുരിതം മനസ്സിലാക്കിയ ജോമി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നിര്‍ദ്ദേശ പ്രകാരം തന്റെ ഡിവിഷനിലെ ഫണ്ട് അനുവദിക്കുകയും ചെയ്തു.

ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും പോകുന്ന വഴിയാണ് പൈപ്പ് ലൈന്‍ റോഡ്. മെഡിക്കല്‍ കോളേജ്, കളക്ടറേറ്റ്, കളമശ്ശേരി, തൃപ്പൂണിത്തുറ ഉള്‍പ്പടെ എറണാകുളം ഭാഗത്തേക്ക് പെരുമ്പാവൂര്‍, ആലുവ, ചൂര്‍ണ്ണിക്കര എന്നിവിടങ്ങളില്‍ നിന്നും എളുപ്പത്തില്‍ പോകുന്ന വഴിയാണ് പൈപ്പ് ലൈന്‍ റോഡ്. റോഡ് പല ഭാഗങ്ങളിലും തകര്‍ന്നു കിടക്കുന്നതു കൊണ്ടു വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ആലുവയില്‍ നിന്നും ചൂര്‍ണ്ണിക്കരയില്‍ നിന്നും ഓട്ടോ വിളിച്ചാല്‍ പൈപ്പ് ലൈന്‍ റോഡ് വഴി പോകാത്തത് കൊണ്ടു യാത്രക്കാര്‍ ഇരട്ടി തുക നല്‍കേണ്ട അവസ്ഥയാണ്. പൈപ്പ് ലൈന്‍ റോഡിന്റെ അധികാരികളായ വാട്ടര്‍ അതോറിറ്റിയില്‍ ജനപ്രതിനിധികളും യാത്രക്കാരും വിവിധ സംഘടനകളും പൈപ്പ് ലൈന്‍ റോഡ് തകര്‍ന്നു കിടക്കുന്നത് നന്നാക്കണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ല എന്ന സ്ഥിരം പല്ലവിയാണ് പറയാറ്.
വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന പൈപ്പ് ലൈന്‍ റോഡിന് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യ പ്രകാരം അന്‍വര്‍ സാദത്ത് എം എല്‍ എ ഇടപെട്ട് എം ജെ ജോമിയിലൂടെ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതിലൂടെ ശാപമോക്ഷം ആവുകയാണ്. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് ആറ്, പതിനൊന്ന്, പന്ത്രണ്ട് എന്നീ വാര്‍ഡുകളിലൂടെ കടന്നു പോകുന്നുണ്ട് പൈപ്പ് ലൈന്‍ റോഡ്. പ്രവര്‍ത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലൂടെ പോകുന്ന പൈപ്പ് ലൈന്‍ റോഡ് നിര്‍മ്മല സ്കൂള്‍ മുതല്‍ കുന്നത്തേരി വരെയുള്ള ഭാഗത്തെ എസ്റ്റിമേറ്റ് എടുക്കല്‍ തുടങ്ങി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം ജെ ജോമി എസ്റ്റിമേറ്റ് എടുക്കല്‍ ഉദ്ഘാടനം ചെയ്തു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ കെ കെ ശിവാനന്ദന്, രാജേഷ് പുത്തനങ്ങാടി, സി പി നൗഷാദ്, പി എസ് യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജിജി മന്‍സില്‍, ഓവര്‍സീയര്‍മാരായ ബീന, ജിനു എന്നിവര്‍ സന്നിഹിതരായിരുന്നു.

