ഗാട്ടാ ഗുസ്തി കണ്ടന്റ് ഓറിയന്റഡ് ചിത്രമെന്ന് വിഷ്ണു വിശാല്‍

Web Desk
2 Min Read

കൊച്ചി: വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ഡ്രാമാ ആക്ഷന്‍ ചിത്രം ഗാട്ടാ ഗുസ്തി കണ്ടന്റ് ഓറിയന്റഡാണെന്ന് നായകനും നിര്‍മാതാവുമായ വിഷ്ണു വിശാല്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും എറണാകുളം ‘ഹോളിഡേ ഇന്‍’ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഞാന്‍ കണ്ടന്റ് ഓറിയന്റായിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത് എന്നതിനാല്‍ എന്റെ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടന്റ് പ്രതീക്ഷിക്കുന്നുണ്ട്. ഗാട്ടാ ഗുസ്തി ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ്. സ്ത്രീയും പുരുഷനും സമമാണ് എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. ഗുസ്തിയെ ആധാരാമാക്കി ഒരുക്കിയ ചിത്രത്തില്‍ വീരയായി ഞാനും കീര്‍ത്തിയായി ഐശ്വര്യയും എത്തുന്നു. വീരയുടെയും കീര്‍ത്തിയുടെയും വിവാഹശേഷം അവര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് ചിത്രത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി വിഷ്ണു വിശാല്‍ പറഞ്ഞത്. വലിയ ട്വിസ്റ്റുകള്‍ ഉള്ള സിനിമ അല്ല. എന്നാല്‍ ചില സര്‍പ്രൈസുകള്‍ ചിത്രത്തിലുടനീളം കാണാന്‍ സാധിക്കും എന്നും വിഷ്ണു വിശാല്‍ കൂട്ടിച്ചേര്‍ത്തു.

ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ഗട്ടാ ഗുസ്തി തനിക്ക് അത്യാവശ്യം പെര്‍ഫോം ചെയ്യാന്‍ സാധിച്ച സിനിമയാണെന്നും കീര്‍ത്തിയെ നന്നായി അവതരിപ്പിച്ചു എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും കീര്‍ത്തിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഐശ്വര്യ പറഞ്ഞു. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കൂടെയായ വിഷ്ണുവാണ് തനിക്കീ കഥാപാത്രത്തെ നല്‍കിയതെന്നും ഐശു പറയുകയുണ്ടായി.

തന്റെ മാതാവ് വീട്ടമ്മയും സഹോദരി തിരക്കുള്ള ജോലിയുള്ളയാളുമായിരുന്നെങ്കിലും ഇരുവരും വീട്ടിലെ കാര്യങ്ങള്‍ മനോഹരമായി നോക്കുകയും എല്ലാ ഉത്തരവാദിത്വങ്ങളും വളരെ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുകയും ചെയ്തത് കണ്ടാണ് താന്‍ വളര്‍ന്നതെന്നും അതുകൊണ്ടുതന്നെ വനിതകളോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. വീട്ടമ്മയുടെ തിരക്കും ജോലിത്തിരക്കുമുള്ള രണ്ടു തരം വനിതകളോടൊപ്പം എല്ലാ കാര്യങ്ങളും കൃത്യമായി വിലയിരുത്തുന്ന തന്റെ ഭാര്യയും കൂടി ചേര്‍ന്നതോടെ വനിതകളോടുള്ള കാഴ്ചപ്പാട് ശക്തമായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഗാട്ടാ ഗുസ്തിയില്‍ തനിക്കു തുല്യമോ അതിനേക്കാള്‍ കൂടുതലോ പ്രാധാന്യം നായികയ്ക്ക് വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

- Advertisement -
Ad image

ആര്‍ ടി ടീം വര്‍ക്‌സ്‌ന്റെയും വി വി സ്റ്റുഡിയോസ്‌ന്റെയും ബാനറില്‍ തെലുങ്ക് താരം രവി തേജയും വിഷ്ണു വിശാലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് മാജിക് ഫ്രെയിംസ് ചിത്രം കേരളത്തിലെത്തിക്കും. റിച്ചാര്‍ഡ് എം നാഥന്‍ ഛായഗ്രഹണവും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും നിര്‍വഹിച്ച ചിത്രത്തിലെ ഒരു പുതിയ ഗാനവും കൊച്ചിയിലെ പത്ര സമ്മേളനത്തില്‍ പുറത്തുവിട്ടു. സി കെ അജയ് കുമാറാണ് പി ആര്‍ ഒ.

Share This Article
Leave a Comment
error: Content is protected !!