

അല്‍ വക്‌റ: കടുത്ത പോരാട്ടം, ഒടുവില്‍ സമനില. വെറും സമനിലയല്ല മൂന്നു ഗോളുകള്‍ വീതം അടിച്ചെടുത്ത സമനില. ഇതാണ് ഗ്രൂപ്പ് ജിയിലെ സെര്‍ബിയയും കാമറൂണും തമ്മിലുള്ള മത്സരത്തിന്റെ ഫലം.

കാമറൂണാണ് ആദ്യം ഗോള്‍ നേടിയത്. പിന്നീട് സെര്‍ബിയയുടെ മൂന്നു ഗോളുകളാണ് പിറന്നത്. പക്ഷേ, തളരാനും തോല്‍ക്കാനും തയ്യാറല്ലാതിരുന്ന കാമറൂണ്‍ അവസാനത്തെ രണ്ടു ഗോളുകള്‍ സ്വന്തമാക്കി മത്സരം സമനിലയിലാക്കി.

സ്വിറ്റ്‌സര്‍ലാന്റിനോട് ഒരു ഗോളിന് പരാജയപ്പെട്ട കാമറൂണിന് സെര്‍ബിയക്കെതിരെ പരാജയം താങ്ങാനാവുന്നതായിരുന്നില്ല. ബ്രസീലിനെതിരെ രണ്ട് ഗോളിന് തോറ്റ സെര്‍ബിയക്കും ഇനിയൊരു പരാജയം ആലോചിക്കാനാവുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഇരു ടീമുകള്‍ക്കും ജയം ആവശ്യമായിരുന്നെങ്കിലും സമനിലയില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് താങ്ങാവുന്നതായിരുന്നില്ല.
ഇരുപത്തിയൊമ്പതാം മിനുട്ടില്‍ കാസ്റ്റെലെറ്റോയാണ് കാമറൂണിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ പാവ്‌ലോവിച്ചും രണ്ടു മിനുട്ടുകള്‍ക്കകം സാവിച്ചും ഗോളുകള്‍ നേടി സെര്‍ബിയ ലീഡുയര്‍ത്തി.
രണ്ടാം പകുതി ആരംഭിച്ച് അന്‍പത്തിമൂന്നാം മിനുട്ടില്‍ മിത്രോവിച്ചാണ് സെര്‍ബിയയുടെ മൂന്നാം ഗോള്‍ നേടിയത്. പത്തു മിനുട്ടേ വേണ്ടി വന്നുവന്നുള്ളു വിന്‍സെന്റ് അബൂബര്‍ കാമറൂണിന്റെ രണ്ടാം ഗോളും അറുപത്തിയഞ്ചാം മിനുട്ടില്‍ മോട്ടിംഗ് മൂന്നാം ഗോളും അടിച്ചതോടെ മത്സരം സമനിലയിലായി.

