
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് മരണം വരെ തടവും 1.6 ലക്ഷം രൂപ പിഴയും പോക്സോ പ്രത്യേക കോടതി ജഡ്ജി സി ആര് ദിനേഷ് വിധിച്ചു. കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) ശിക്ഷ.
കുട്ടി നേരിട്ട മാനസികാഘാതത്തിന് ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി ഒരു ലക്ഷം രൂപ നഷ്ടം നല്‍കണമെന്നും വിധിയിലുണ്ട്. പ്രതി പിഴയടച്ചാല്‍ ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
16 വയസ്സുള്ള പെണ്‍കുട്ടിയുമായി പ്രണയം നടിച്ച പ്രതി കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മെയ് ഒന്നിന് കുട്ടി ബാത്റൂമില്‍ പ്രസവിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞത്.
ആശുപത്രിയില്‍ നിന്ന് ലഭിച്ച പരാതിയില്‍ ഡി എന്‍ എ പരിശോധനാഫലം ഉള്‍പ്പെടെ കുറ്റപത്രം 90 ദിവസത്തിനകം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതോടെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ഇയാള്‍ക്കെതിരെ സമാനമായ കേസ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലും നിലവിലുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാം ദിവസം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ വകുപ്പുകളിലായി കോടതി 27 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണ്ട്. കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അടക്കം 52 സാക്ഷികളെയാണ് വിസ്തരിച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ സുനില്‍കുമാറാണ് കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

