

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രധാന പ്രതി ഉള്‍പ്പടെ രണ്ട് പേര് അറസ്റ്റില്‍. ദല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന പുളിങ്കുന്നം കൊച്ചു പാലത്തിങ്കല്ച്ചിറയില് ശ്രീരാഗ് (34), തൃശൂര്‍ മുല്ലശേരി പൊറ്റക്കാട്ടില്‍ സതീഷ് കുമാര്‍ (42) എന്നിവരെയാണ് ആലുവ സൈബര്‍ പോലീസ് സ്റ്റേഷന് ടീം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മുരിക്കാശേരി വെള്ളക്കുന്നേല്‍ ലിയോ വി ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കാനഡയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് അങ്കമാലി സ്വദേശിയായ യുവാവില്‍ നിന്നും 5,59,563 രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം നാല് പേരുടേയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി പണം കൈമാറുകയായിരുന്നു. ലിയോയുടെ വീട്ടില്‍ സൈബര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പത്തൊമ്പത് 2000 രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നു വരികയാണ്.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എം ബി ലത്തീഫ്, എസ് സി പി ഒ ഐനീഷ്, സി പി ഒമാരായ ഷിറാസ് അമീന്, ജെറി എന്നിവരാണുള്ളത്.

