
കാസര്‍കോട്: ധീരനായ സ്വാതന്ത്ര്യ സമര സേനാനി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരേ ആക്ഷേപവുമായി ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി. വാരിയന്‍ കുന്നനെ ആദ്യത്തെ താലിബാന്‍ നേതാവെന്ന് വിശേഷിപ്പിക്കേണ്ടി വരുമെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി പറഞ്ഞത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുവമോര്‍ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവ സങ്കല്‍പ് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അങ്ങനെയൊരു വ്യക്തിക്ക് സ്മാരകം പണിയാന്‍ കേരള സര്‍ക്കാര്‍ സ്ഥലം നല്‍കുന്നത് ഗൗരവമായി കാണുന്നു. മാപ്പിള ലഹളയ്ക്ക് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് ഹാജിയെ പിന്തുണച്ചുകൊണ്ട് സിപിഎം വലിയ തെറ്റ് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ആഗസ്ത് 15 നെ ആപത്ത് പതിനഞ്ചെന്ന് അധിക്ഷേപിച്ച സിപിഎം ഇത്തവണ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സിപിഎം തെറ്റു തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃക്കണ്ണാട് നിന്നും ആരംഭിച്ച യുവ സങ്കല്‍പ യാത്ര ബേക്കല്‍ കോട്ടയില്‍ സമാപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, യുവമോര്‍ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍ നേതൃത്വം നല്‍കി.

