

ഹൈദരാബാദ്: രോഗനിവാരണത്തിന് സംയോജിത വൈദ്യശാസ്ത്ര സമീപനം ആവശ്യമുണ്ടെന്ന് തെലങ്കാന, പുതുച്ചേരി ഗവര്‍ണറും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. തമിഴിസൈ സൗന്ദരരാജന്‍. ഹൈദരാബാദില്‍ നടന്ന ഹോമിയോപ്പതി വിജ്ഞാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഹോമിയോപ്പതി സുരക്ഷിതവും ചെലവ് കുറഞ്ഞതും ഫലപ്രദവുമാണെന്നും രോഗങ്ങളുടെ മൂലകാരണം കണ്ടെത്തി ചികിത്സിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ആരോഗ്യ പരിപാലനത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഒരു വൈദ്യശാസ്ത്ര രീതിക്കും കഴിയില്ലെന്നും ഒരു മാര്‍ഗവും മറ്റൊന്നിന് ബദലായോ രണ്ടാംകിടയായോ കണക്കാക്കരുതെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

വിജ്ഞാന ഭാരതിയും (വിഭ) ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷനും (ജി എച്ച് എഫ്) സംയുക്തമായി ഹൈദരാബാദിലെ ഐസിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വൈദ്യശാസ്ത്ര, കോര്‍പ്പറേറ്റ് മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യയിലും വിദേശത്തുമായി ആസൂത്രണം ചെയ്ത ഹോമിയോപ്പതി സമ്മേളന പരമ്പരയ്ക്ക് മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്. അടുത്ത വര്‍ഷം കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ലോക ഹോമിയോപ്പതി ഉച്ചകോടിയോടെ പരിപാടി സമാപിക്കും.
‘സമ്പൂര്‍ണ ആരോഗ്യം’ എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം. ആധുനിക വൈദ്യശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പൊതുജനാരോഗ്യ ഇടപെടലുകള്‍, ആന്റി-മൈക്രോബിയല്‍ റെസിസ്റ്റന്‍സ്, ആരോഗ്യ സംരക്ഷണത്തിലേയും വൈദ്യശാസ്ത്ര പഠനത്തിലെയും പുതിയ ദിശകള്‍, ഗവേഷണത്തിലെ പുതിയ മാനങ്ങള്‍ എന്നിവയെക്കുറിച്ച് അവരുടെ ചിന്തകള്‍ അവതരിപ്പിച്ചു. ക്യൂറേറ്റീവ്, പ്രിവന്റീവ്, പ്രൊമോട്ടീവ് ഹെല്‍ത്ത് എന്നിവയില്‍ ഹോമിയോപ്പതിയുടെ ശക്തിയും വെറ്ററിനറി മെഡിസിന്‍ എന്ന നിലയിലും കാര്‍ഷിക പരിചരണത്തിലും അതിന്റെ സാധ്യതയും ചടങ്ങില്‍ ചര്‍ച്ച ചെയ്തു.
ഹോമിയോപ്പതിയിലെ ജീവിച്ചിരിക്കുന്ന രണ്ട് പ്രമുഖരായ ഡോ. ശിവശങ്കര്‍ റെഡ്ഡി, ഡോ. ജനാര്‍ദ്ദന റെഡ്ഡി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
വിഭ വൈസ് പ്രസിഡന്റ് സതീഷ് ഷേണായ്, ദേശീയ സെക്രട്ടറിമാരായ പ്രവീണ്‍ രാംദാസ്, വിവേകാനന്ദ പൈ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. രാജ്യത്തുടനീളവും ആഗോളതലത്തിലും ഹോമിയോപ്പതിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് ജി എച്ച് എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നവര്‍ അറിയിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. എസ് ചന്ദ്രശേഖറായിരുന്നു വിശിഷ്ടാതിഥി. വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ വഴി ഹോമിയോപ്പതിയില്‍ ഗവേഷണം നടത്താനുള്ള അവസരങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐ ഐ സി ടി ഡയറക്ടര്‍ ഡോ. ശ്രീനിവാസ റെഡ്ഡി ജമ്മുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണല്‍ മെഡിസിന്‍ ഡയറക്ടറായിരിക്കെ ആയുഷ് ഗവേഷണത്തെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെക്കുകയും ഹോമിയോപ്പതി രംഗത്തുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമായ സൗകര്യങ്ങള്‍ വിപുലമായ ഗവേഷണത്തിനായി ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ഡയറക്ടര്‍ ആരോഗ്യപരിചരണ രംഗത്ത് പാശ്ചാത്യ മാതൃകകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ബയോകെമിക്കല്‍ മാനദണ്ഡങ്ങള്‍ പഠിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി. ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ ഹോമിയോസ്യൂട്ടിക്കല്‍സ് വികസിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ബിസിറ്റി വഴി ജാപ്പനീസ് മസ്തിഷ്‌ക ജ്വരത്തെ നിയന്ത്രിക്കുന്നതില്‍ തെലങ്കാനയുടെ സംഭാവന ഒരു പ്രതിരോധ ആരോഗ്യ മാതൃകയായി ഉയര്‍ത്തിക്കാട്ടി. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ. അബ്ദുല്‍ ഗഫൂര്‍ ആന്റി-മൈക്രോബയല്‍ പ്രതിരോധത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തില്‍ അതിന്റെ ഫലത്തെക്കുറിച്ചും സംസാരിച്ചു.
ജി എച്ച് എഫ് പ്രതിനിധി ഡോ. എസ് പ്രവീണ്‍ കുമാര്‍ ആന്റി മൈക്രോബിയല്‍ പ്രതിരോധത്തെ നേരിടുന്നതില്‍ ഹോമിയോപ്പതിയുടെ കഴിവുകള്‍ എടുത്തുപറഞ്ഞു. ജിംസിലെ ഡോ. നവീന്‍ പാവസ്‌കര്‍, കേരളത്തില്‍ നിന്നുള്ള ഡോ. വിനു കൃഷ്ണന്‍, ഡോ. റെജി കുമാര്‍, പുതുച്ചേരി അരബിന്ദോ ആശ്രമത്തില്‍ നിന്നുള്ള ഡോ. പച്ചെഗോങ്കര്‍ ചെന്നൈയില്‍ നിന്നുള്ള ഡോ. രാജ് സംഘ്വി, പുണെ ഭാരതി വിദ്യാപീഠിലെ ഡോ. അനിതാ പാട്ടീല്‍, ന്യൂഡല്‍ഹിയിലെ ഡോ. പൂര്‍ണിമ ശുക്ല എന്നിവരായിരുന്നു മറ്റ് പ്രമുഖ പ്രഭാഷകര്‍.
വിഭയുടെ ട്രസ്റ്റിമാരുടെയും ഭാരവാഹികളുടെയും യോഗം ഹോമിയോപ്പതിയുടെ ശക്തി പഠിക്കാന്‍ അക്കാദമിക്, ഗവേഷണ, ആരോഗ്യസംരക്ഷണ മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന സമിതി രൂപീകരിക്കാന്‍ ആയുഷ്/ നീതി ആയോഗ് മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ആരോഗ്യഭാരതി വൈസ് ചെയര്‍മാനും ഇന്നൊവേറ്റീവ് ചിന്താ ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റിയുമായ എസ് ബി ദംഗയാച്ച് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തില്‍ ഹോമിയോപ്പതിയെക്കുറിച്ച് ഉള്‍പ്പെടുത്തുന്നതിനുള്ള കരട് നിര്‍മിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാന്‍ ആയുഷ് മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.
കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ ലോകമെമ്പാടുമുള്ള 6000 പ്രതിനിധികള്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രദര്‍ശനത്തില്‍ അഞ്ചു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്നു. നൂറു രാജ്യങ്ങളില്‍ നിന്നുള്ള ട്രഡീഷണല്‍ കോംപ്ലിമെന്ററി മെഡിസിന്‍ റെഗുലേറ്റേഴ്സ് പങ്കെടുക്കും.

