

ആലുവ: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ആലുവ താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ രോഗികള്‍ക്കായി റമദാന് കിറ്റ് വിതരണം ചെയ്തു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ആലുവ താലൂക്ക് ബ്രാഞ്ച് ചെയര്മാന് ഡോ. സി എം ഹൈദരാലി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജില്ലാ ആശുപത്രി അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ബി മധു കിറ്റിന്റെ വിതരണ ഉദ്ഘാടനം പേഷ്യന്‍സിനു വേണ്ടി വോളണ്ടിയേഴ്സ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ 125ഓളം രോഗികളാണ് സ്ഥിരമായി ഡയാലിസിസിന് എത്തുന്നത്. ജാതി മതഭേദമെന്യേ മുഴുവന്‍ രോഗികള്‍ക്കുമായാണ് റമദാന് കിറ്റ് വിതരണം ചെയ്യുന്നത്.

മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന, ഡോ. വിജയകുമാര്‍, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഭാരവാഹികളായ ഇ എ ഷബീര്‍, പി എ അബൂബക്കര്‍, ജോബി തോമസ്, എ എം അബ്ദുല്‍ കരീം, അസ്മാ വാഹിദ് എന്നിവര്‍ നേതൃത്വം നല്കി.

