

കോഴിക്കോട്: ഭരിക്കുന്നവരുടെ കഴിവുകേടും കെടുകാര്യസ്ഥതയും നിസ്സംഗതയുമാണ് കോഴിക്കോട് നഗരത്തിന്റെ വികസന മുരടിപ്പിനും ദുരവസ്ഥയ്ക്കും കാരണമെന്ന് വി ഡി സതീശന്‍ ആരോപിച്ചു. വികസനമുരടിപ്പിനെതിരെ യു ഡി എഫ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ്
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കോര്‍പ്പറേഷന് 106 കോടി രൂപയാണ് കിട്ടാനുള്ളത്. അത് വാങ്ങിയെടുക്കാനുള്ള ഒരു ശ്രമവും ഭരണപക്ഷം നടത്തുന്നില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 6000 അപേക്ഷകളാണ് കെട്ടിക്കടക്കുന്നത്. കേരളത്തില്‍ ആകെ ഒമ്പത് ലക്ഷം അപേക്ഷകളാണ് ഇത്തരത്തിലുള്ളത്.

കോര്‍പ്പറേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വര്‍ഷമാണ് കടന്നുപോയത്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതികളെല്ലാം അവതാളത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പാര്‍ക്കിംഗ് പ്ലാസയുടെ നിര്‍മാണം എവിടെവരെ എത്തി. മുമ്പത്തെ വര്‍ഷത്തെ സ്പില്‍ ഓവര്‍വര്‍ക്കുകള്‍ മാത്രമാണ് പൂര്‍ത്തീകരക്കാനായത്. 80 ശതമാനം പണം ചിലവഴിക്കാന്‍ സാധിച്ചിട്ടില്ല.
ശുചിത്വ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നിട്ടില്ല. നഗരത്തില്‍ മാലിന്യ പ്രശ്‌നം രൂക്ഷമാണ്. ഞെളിയന്‍ പറമ്പില്‍ മാലിന്യം റോഡിലേക്കെത്തുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ഒരു മഴപെയ്താല്‍ വെള്ളത്തിലാകുന്ന നഗരത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ കോര്‍പ്പറേഷന് സാധിച്ചിട്ടില്ല.
ഏഷ്യയിലെ ഏറ്റവും വലിയ മാളെന്ന് പറഞ്ഞ് ആരംഭിച്ച മഹിളാമാള്‍ പൂട്ടി. നേതാക്കളുടെ വീട്ടിലെ സ്ത്രീകളുടെ ശാക്തീകരണം മാത്രമാണിപ്പോള്‍ നടക്കുന്നത്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ മാത്രമാണ് നഗരത്തിലുള്ളതെന്നും ഇതുപോലും മുന്നോട്ട് കൊണ്ടുപോകാന്‍ കോര്‍പ്പറേഷന് സാധിക്കുന്നില്ലെന്നു എം കെ മുനീര്‍ എം എല്‍ എ ആരോപിച്ചു.
മേയറും ഡെപ്യൂട്ടി മേയറും പാര്‍ട്ടിയുടെ മേയറും ഡെപ്യൂട്ടി മേയറും അല്ലെന്നും കോര്‍പ്പറേഷന്റെതാണെന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും എം കെ രാഘവന്‍ എം പി പറഞ്ഞു. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പട്ട് വലിയ അഴിമതിയാണ് നടക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ആരോപിച്ചു. കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് കെ സി ശോഭിത അധ്യക്ഷത വഹിച്ചു. യു ഡി എഫ് കണ്‍വീനര്‍, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, കെ മൊയ്തീന്‍കോയ, എസ് കെ അബൂബക്കര്‍, കെ നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.

