

കോഴിക്കോട്: ആകാശവാണിയിലെ റിട്ടയേര്‍ഡ് ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക സംഘടനയുടെ ആദ്യകാല ശില്‍പ്പികളില്‍ പ്രധാനിയുമായ പി ചന്ദ്രശേഖരന്‍ (94) നിര്യാതനായി. പന്നിയങ്കര ദുര്‍ഗാദേവി ക്ഷേത്രത്തിനടുത്തുള്ള ‘പ്രശാന്തി’ വീട്ടിലായിരുന്നു അന്ത്യം.

ആകാശവാണിയില്‍ ചേരുന്നതിന് മുമ്പ് 1950കളില്‍ കുറച്ചുകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.തപസ്യ കലാ സാഹിത്യ വേദി മുന്‍ കോഴിക്കോട് ജില്ല അധ്യക്ഷനും കോഴിക്കോട് അക്ഷരശ്ലോക സമിതിയിലെ മുതിര്‍ന്ന അംഗവുമാണ്.

പ്രശസ്ത വേദപണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ വി കെ നാരായണ ഭട്ടതിരിപ്പാടിന്റെ മകനാണ്. ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുന്ന ട്രസ്റ്റിന്റെ ഭാരവാഹിയാണ്. ശ്രീമദ്ഭാഗവതവും ദേവിഭാഗവതവും മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട്.
