NEWS
മജീദ് റഹ്മാന്‍ കുഞ്ഞിപ്പ അവാര്‍ഡ് ഹംസ മാഷിന്
തിരുവനന്തപുരം: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ഈ വര്‍ഷത്തെ മജീദ് റഹ്മാന്‍ കുഞ്ഞിപ്പ സ്മരണ അവാര്‍ഡ് എം എ ഹംസ മാഷിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
1980ലെ ഭാഷാ സമരത്തിലെ രക്തസാക്ഷികളായ മജിദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ സ്മരണാര്‍ഥമാണ് ഈ അവാര്‍ഡ് എല്ലാ വര്‍ഷവും നല്‍കുന്നത്.
ജൂലായ് 28ന് ആലുവ ഹിറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാഷാനുസ്മരണ സമ്മേളത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കും.
സമ്മേളനം ഹാരിസ് ബീരാന്‍ എം പി ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എം എല്‍ എ അവാര്‍ഡ് സമ്മാനിക്കും. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
1998 മുതല്‍ മുവാറ്റുപുഴ കെ എം എല്‍ പി സ്‌കൂളിലെ അറബി അധ്യാപകനായിരുന്ന ഹംസ മാഷ് 2024 മെയ് മാസത്തില്‍ വിരമിച്ചു. 26 വര്‍ഷത്തെ സര്‍വ്വീസ് കാലയളവില്‍ അറബി ഭാഷയുടെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. നേതൃപാഠവും കര്‍മ്മനിരതയുമാണ് ഹംസ മാഷിന്റെ മുഖമുദ്ര.
കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ മൂവാറ്റുപുഴ സബ് ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും സംസ്ഥാന വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘടനയുടെ മുഖപത്രമായ അറബിക് ടീച്ചേഴ്‌സ് ബുള്ളറ്റിന്‍ എഡിറ്റര്‍, ജില്ലാ സംസ്ഥാന കലാ- കായിക ശാസ്ത്രമേളകളുടെ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും അധികാരികളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.
മോട്ടിവേറ്റര്‍, സ്‌കൗട്ട് അധ്യാപകന്‍ എന്നിങ്ങനെ വ്യത്യസ്ത രീതികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം എറണാകുളം ജില്ലയിലെ പല്ലാരിമംഗലം അടിവാട് സ്വദേശിയാണ്. മത- സാമൂഹിക- സംസ്‌കാരിക രംഗത്തും സജീവമാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അദ്ദേഹം.
കോതമംഗലം അയ്യങ്കാവ് ഹൈസ്‌കൂളിലെ മലയാളം അധ്യാപികയായ റാഷിദയാണ് ഭാര്യ. മിന, അമീന്‍, റയാന്‍ എന്നിവര്‍ മക്കളാണ്.