

ദോഹ: ഭാരവാഹിത്വവും നേതൃത്വവുമായി ബന്ധപ്പെട്ട് ഖത്തറിലെ കോണ്‍ഗ്രസ് സംഘടന ഇന്‍കാസ് രണ്ടു ചേരികളും രണ്ട് ഗ്രൂപ്പുകളുമായി നീങ്ങുമ്പോള്‍ ശക്തി തെളിയിക്കാന്‍ കേരളത്തില്‍ നിന്നും പ്രഗത്ഭ നേതാക്കളേയും എത്തിക്കുന്നു. ഇന്‍കാസ് ഖത്തര്‍ എന്ന പേരില്‍ ഹൈദര്‍ ചുങ്കത്തറയുടെ നേതൃത്വത്തിലും ഒ ഐ സി സി ഇന്‍കാസ് എന്നപേരില്‍ സമീര്‍ ഏറാമലയുടെ നേതൃത്വത്തിലുമാണ് ഇന്‍കാസ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു സംഘടനകളും തങ്ങളുടേതായ പരിപാടികള്‍ നടത്തി ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ ഒരേ സമയം ഖത്തറിലെത്തിച്ചാണ് ബലപരീക്ഷണം നടത്തുന്നത്. ഒ ഐ സി സി ഇന്‍കാസ് കോട്ടയം ജില്ലയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഖത്തറിലെത്തിച്ചതെങ്കില്‍ ആറ്റിങ്ങല്‍ കെയര്‍ എന്ന പേരില്‍ ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം അടൂര്‍ പ്രകാശിനെയാണ് ഖത്തറില്‍ കൊണ്ടുവന്നിരിക്കുന്നത്.

കേരളത്തിലെ നേതാക്കള്‍ ഇടപെട്ടിട്ടും ഖത്തറിലെ കോണ്‍ഗ്രസുകാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് പരിപാടികള്‍ നല്‍കുന്ന സൂചന. നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനും അവരെ നേരില്‍ കാണാനുമുള്ള അവസരമാണ് കോണ്‍ഗ്രസിലെ തീര്‍ത്തും സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്നതെങ്കിലും രണ്ട് നേതൃത്വങ്ങളുടെ കീഴില്‍ പരിപാടികള്‍ നടക്കുന്നതില്‍ സാധാരണ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ദു:ഖിതരാണ്. ഒരേ ദിവസം നേതാക്കളെ ഖത്തറിലെത്തിച്ച് പരിപാടികള്‍ നടത്തുമ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് നേതാക്കളുടെ പ്രസംഗം കേള്‍ക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.
കേരള സംസ്ഥാന നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കേണ്ട ഗ്രൂപ്പിസമാണ് നാള്‍ക്കുനാള്‍ വലുതാകുന്നത്. വ്യത്യസ്ത നേതാക്കള്‍ ഇരുഗ്രൂപ്പുകളുടേയും പരിപാടിക്ക് വരുന്നതോടെ പരോക്ഷമായെങ്കിലും സംസ്ഥാന നേതൃത്വവും സംഘടനയിലെ ഭിന്നതയ്ക്ക് പച്ചക്കൊടി കാണിക്കുന്നുണ്ടെന്നാണ് അര്‍ഥമാകുന്നത്.
ഓരോ ഗ്രൂപ്പിന്റെ പരിപാടിക്കു വരുന്ന നേതാവും പിന്നീട് ആ ഗ്രൂപ്പിന്റെ ആളായി അറിയപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലെ നേതാക്കള്‍ക്കും അധികം വൈകാതെ ഗ്രൂപ്പിസം തലവേദനയായി മാറിയേക്കും.

