താഴെ തട്ടിലുള്ളവരുടെ വികാരം കൂടി മനസ്സിലാക്കുന്നവരാണ് മികച്ച മാനേജ്‌മെന്റ് വിദഗ്ധര്‍: ഡോ. എം കെ മുനീര്‍

Web Desk
2 Min Read

കൊച്ചി: ഏറ്റവും താഴെ തട്ടിലുള്ളവരുടെ പോലും വികാരവും പ്രശ്‌നങ്ങളും അറിയുകയും അതിനുള്ള പരിഹാരങ്ങള്‍ കൂടി കണ്ടെത്തുകയും ചെയ്യുന്നവരാണ് മാനേജ്‌മെന്റ് രംഗത്തെ മികച്ചവരെന്ന് മുന്‍ മന്ത്രിയും എം എല്‍ എയുമായ ഡോ. എം കെ മുനീര്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മാനേജ്‌മെന്റ് കാഴ്ചപ്പാടുകള്‍; ഇതിഹാസം മുതല്‍ ആധുനികകാലം വരെ എന്ന വിഷയത്തിലുള്ള ചര്‍ച്ചാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മാനേജ്‌മെന്റ് തലത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ വിജയിക്കുമെന്ന തത്വത്തിന് രാമായണത്തിലും മഹാഭാരതത്തിലും നിരവധി തെളിവുകളുണ്ട്. സമത്വമെന്താണെന്ന് രാമന്‍ തന്റെ സമീപനത്തിലൂടെ കാണിച്ചു തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതുസമയത്തും തന്റെ ചുറ്റുമുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത മികച്ച മാനേജ്‌മെന്റ് വിദഗ്ധനായിരുന്നു ശ്രീരാമന്‍. സീതയെ ലങ്കയില്‍ നിന്നും രക്ഷപ്പെടുത്താന്‍ അദ്ദേഹം നിരവധി തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും സൃഷ്ടിച്ചത് രാമായണത്തില്‍ ദര്‍ശിക്കാനാവുമെന്നും ഡോ. എം കെ മുനീര്‍ പറഞ്ഞു.

- Advertisement -
Ad image

ശാന്തമായ സമീപനവും മനഃസാന്നിധ്യവുമാണ് ശരിയായ തീരുമാനങ്ങളെടുക്കാന്‍ ഏറ്റവും ആവശ്യം. എല്ലാവരിലും ദൈവാംശമുണ്ടെന്ന് തിരിച്ചറിയുകയും തന്നെപോലെയാണ് മറ്റുള്ളവരുമെന്ന് മനസ്സിലാക്കുകയും ചെയ്താല്‍ മറ്റൊരാളെ ആക്രമിക്കാനാവില്ലെന്നും എല്ലാവരേയും ബഹുമാനിക്കാന്‍ സാധിക്കുമെന്നും ഡോ. എം കെ മുനീര്‍ വിശദമാക്കി. മൂല്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ വിജയം വരിക്കാനാവുമെന്നും അദ്ദേഹം വിശദമാക്കി.

കസ്റ്റംസ് ആന്റ് ജി എസ് ടി ചീഫ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍ മോഡറേറ്ററായിരുന്നു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി ജെ ജോര്‍ജ്ജ്, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡോ. കെ എന്‍ രാഘവന്റെ പുസ്തകം മന്ത്രാസ് ഡോ. എം കെ മുനീര്‍ പ്രകാശനം ചെയ്തു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ കോഫി ടേബിള്‍ ബുക്ക് സിഗ്നേച്ചര്‍ ഡോ. കെ എന്‍ രാഘവന്‍ പ്രകാശനം ചെയ്തു. കേരള മാനേജ്‌മെന്റ് അസസിയേഷന്റെ സമ്പന്നമായ ചരിത്രത്തിന്റേയും പാരമ്പര്യത്തിന്റേയും ആഘോഷമാണ് സിഗ്നേച്ചറെന്നും പ്രൊഫഷണല്‍ വികസനത്തിനും തുടര്‍ച്ചയായ പഠനത്തിനുമുള്ള പ്രതിബദ്ധതയില്‍ തങ്ങള്‍ ബദ്ധ ശ്രദ്ധരാണെന്നും സ്വാഗത പ്രസംഗത്തില്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നിര്‍മല ലില്ലി പറഞ്ഞു. കെ എം എ ഹോണററി സെക്രട്ടറി അല്‍ജിയേഴ്‌സ് ഖാലിദ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!