

ഫോര്‍ട്ട്‌കൊച്ചി: 39-ാമത് കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ പരിപാടികള്‍ക്ക് ഞായറാഴ്ച്ച തുടക്കമാകും. ഡിസംബര്‍ 11ന് ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു കാര്‍ണിവല്‍ പരിപാടികള്‍ക്ക് തുടക്കമാകും.

രാവിലെ ഒന്‍പത് മണിക്ക് സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ നേവിക്കു വേണ്ടി ഐ എന്‍ എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫിസര്‍ കൊമഡോര്‍ വി ഇസഡ് ജോബ്, മേയര്‍ എം അനില്‍കുമാര്‍, ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍, കാര്‍ണിവല്‍ കമ്മിറ്റിക്കു വേണ്ടി സേവ്യര്‍ ബോബന്‍, എക്‌സ് സര്‍വീസ് മെന്‍ സംഘടനക്ക് വേണ്ടി കെ കെ ശിവന്‍, മദ്രാസ് റെജിമെന്റിനു വേണ്ടി ടി പി ഫ്രാന്‍സിസ് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിക്കും. രാജ്യത്തിനായി ജീവത്യാഗം ചെയ്ത എച്ച് വൈശാഖ്, ഷാനവാസ് എന്നിവരുടെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.

സൈനിക ബഹുമതി ക്രമങ്ങള്‍ക്കു ശേഷം പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലപിക്കും. തുടര്‍ന്ന് വിമുക്ത ഭടന്മാരുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കും.
ഡിസംബര്‍ 15 മുതല്‍ 21 വരെ ഇന്‍സെന്‍ട്ര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പള്ളത്ത് രാമന്‍ ഗ്രൗണ്ടില്‍ ചിത്രപ്രദര്‍ശനം, 18ന് രാവിലെ 6 മണിക്ക് കാര്‍ണിവല്‍ മാരത്തോണ്‍, ദീര്‍ഘദൂര സൈക്കിള്‍ റാലി, 9.30ന് കൊച്ചിന്‍ കാര്‍ണിവലിന്റെ പതാക ഉയര്‍ത്തല്‍ എന്നിവ നടക്കും. കെ ജെ മാക്‌സി പതാക ഉയര്‍ത്തല്‍ ഉദ്ഘാടനം ചെയ്യും. പത്ത് മണിക്ക് കൊങ്കണി ഭാഷോത്സവം, ഫുഡ് ഫെസ്റ്റിവല്‍, വൈകിട്ട് മൂന്നിന് ഡാര്‍ട്ട് ആന്റ് സ്ലിംഗ് ഷോട്ട്, കയാക്കിങ് കോംപറ്റീഷന്‍, വെറ്ററെന്‍സ് ഫുട്‌ബോള്‍, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവ നടക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭിന്നശേഷി കുട്ടികളുടെ കലോത്സവം, മ്യൂസിക് ഇവന്റ്, നീന്തല്‍ മത്സരം, നാടകം, കോലം വരക്കല്‍ മത്സരം, രംഗോലി മത്സരം, ക്ലാസിക്കല്‍ ഡാന്‍സ്, ഗാനമേള, കുട്ടികളുടെ കലാമത്സരങ്ങള്‍, കവിതാ പാരായണം, പ്രസംഗം, ഗുസ്തി മത്സരം, സ്‌കൂള്‍ ബാന്‍ഡ് കോംപറ്റീഷന്‍, ചവിട്ടു നാടകം, മോട്ടോര്‍ ബൈക്ക് റേസ്, ഫാഷന്‍ ഷോ, മ്യൂസിക്കല്‍ നൈറ്റ്, ചൂണ്ടയിടല്‍ മത്സരം, തേക്കൂട്ടം കളി മത്സരം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും. ഫോര്‍ട്ട് കൊച്ചി കടപ്പുറം, പള്ളത്ത് രാമന്‍ ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, മുണ്ടംവേലി കോര്‍പറേഷന്‍ ഗ്രൗണ്ട്, സൗദി സ്‌കൂള്‍ ഗ്രൗണ്ട്, വാസ്‌കോഡഗാമ സ്‌ക്വയര്‍, നെഹ്‌റു പാര്‍ക്ക്, കരിപ്പാലം ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
31ന് രാത്രി 8 മണി മുതല്‍ പുതുവര്‍ഷ പുലരിയെ വരവേറ്റുകൊണ്ട് കലാപരിപാടികള്‍ അരങ്ങേറും. രാത്രി 12ന് പപ്പാഞ്ഞിയെ കത്തിക്കലും തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും.
ജനുവരി ഒന്നിനു വൈകിട്ട് 3.30ന് വെളി മൈതാനിയില്‍ നിന്നു കാര്‍ണിവല്‍ റാലി ആരംഭിക്കും. ഹൈബി ഈഡന്‍ എം പി, മേയര്‍ എം അനില്‍കുമാര്‍, എം എല്‍ എമാരായ കെ ജെ മാക്‌സി, കെ ബാബു, ടി ജെ വിനോദ്, ജില്ല കളക്ടര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മുന്‍ മേയര്‍ കെ ജെ സോഹന്‍, ജനറല്‍ കണ്‍വീനര്‍ സേവ്യര്‍ ബോബന്‍, ജനറല്‍ സെക്രട്ടറി കെ കെ നദീര്‍, ഭാരവാഹികളായ അഭിലാഷ് തോപ്പില്‍, പി ജെ ജോസി,
എന്നിവര്‍ അറിയിച്ചു.

