

തിരുവനന്തപുരം: ബേപ്പൂര്‍- യു എ ഇ സെക്ടറില്‍ യാത്രാ കപ്പല്‍ സര്‍വീസ് എത്രയും വേഗം ആരംഭിക്കാന്‍ യോജിച്ച പ്രവര്‍ത്തനം നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കേരള മാരിടൈം ബോര്‍ഡും മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രാ കപ്പല്‍ പദ്ധതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബേപ്പൂര്‍- ഗള്‍ഫ് സെക്ടറില്‍ ആദ്യം ചാര്‍ട്ടേഡ് യാത്രാ കപ്പല്‍ സര്‍വീസും തുടര്‍ന്ന് സ്ഥിരം സര്‍വീസും ആരംഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച്
ഊര്‍ജിത പ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടെയുമാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.

മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം കെ അയ്യപ്പന്‍ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. മാരി ടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള അധ്യക്ഷത വഹിച്ചു. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി ഇ ചാക്കുണ്ണി വിഷയം അവതരിപ്പിച്ചു.
നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജരും സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുമായ അജിത് കൊളശ്ശേരി, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, കേരള മാരി ടൈം ബോര്‍ഡ് അംഗം അഡ്വ. സുനില്‍ ഹരീന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി പി സലിംകുമാര്‍, തുറമുഖ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അശ്വിനി പ്രതാപ്, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ സിജോ ഗോര്‍ഡസ്, കപ്പല്‍ കമ്പനി പ്രതിനിധികളായ മുരുകന്‍, വാസുദേവന്‍, സുദര്‍ശന്‍ പി, അലക്‌സാം ക്രിസ്തുമസ്, സുരേഷ് കുമാര്‍ പി, മിനി വിശ്വനാഥ്, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ടി ജോയ്, അഡീഷണല്‍ സെക്രട്ടറി സി പി അന്‍വര്‍ സാദത്ത്, മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബേബി കിഴക്കുഭാഗം എന്നിവര്‍ സംസാരിച്ചു.
അമിത വിമാനയാത്രാ നിരക്ക് സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അതിനൊരു പരിഹാരം എന്ന നിലയിലാണ് കപ്പല്‍ സര്‍വീസ് ശ്രമമെന്നും തുറമുഖ, ടൂറിസം മന്ത്രിമാരും കേരള മാരിടൈം ബോര്‍ഡും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കൗണ്‍സില്‍ പ്രസിഡന്റ് സി ഇ ചാക്കുണ്ണി പറഞ്ഞു.

