

ദോഹ: ക്രിയാത്മക സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിലായി സാംസ്‌കാരിക വിനിമയത്തിനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഖത്തര്‍- ഇന്തോനേഷ്യ 2023 സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ഉന്നതതല സാംസ്‌കാരിക പ്രതിനിധി സംഘം ഇന്തോനേഷ്യയിലെത്തി.

2012-ല്‍ ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി ആരംഭിച്ച വാര്‍ഷിക സാംസ്‌കാരിക വിനിമയത്തിന്റെ 11-ാമത്തെ പങ്കാളി രാജ്യമാണ് ഇന്തോനേഷ്യ. തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യത്തെ രാജ്യവുമാണ്.

സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരിയും ഖത്തറിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികളുമാണ് ഖത്തര്‍ പ്രതിനിധി സംഘത്തിള്ളത്. ഇന്തോനേഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ഫൗസിയ ഇദ്‌രീസ് സല്‍മാന്‍ അല്‍ സുലൈത്തിയും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും സംഭാഷണവും ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ധാരണ വര്‍ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് സംസ്‌കാരമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ഖത്തറിന്റെ ദേശീയ ദര്‍ശനം 2030 പ്രകാരം ആഗോള സമൂഹങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയവും സംഭാഷണവും ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും ഇക്കാരണത്താലാണ് രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ധാരണ വര്‍ധിപ്പിക്കുന്നതിന് ഒരു ദശാബ്ദം മുമ്പ് ഖത്തര്‍ ‘സാംസ്‌ക്കാരിക വര്‍ഷം’ ആരംഭിച്ചതെന്നും ഡോ. അല്‍ കവാരി വിശദീകരിച്ചു.
ഭിന്നേക്ക എന്ന പ്രമേയത്തിലാണ് ഖത്തര്‍- ഇന്തോനേഷ്യ 2023 സാംസ്‌കാരിക വര്‍ഷം സംഘടിപ്പിക്കുന്നത്. വൈവിധ്യം എന്നാണ് ഈ വാക്കിനര്‍ഥം.
ഡോ. അല്‍ കവാരി ടൂറിസം, ക്രിയേറ്റീവ് ഇക്കണോമി മന്ത്രി സാന്‍ഡിയാഗ യുനോ, വിദ്യാഭ്യാസം, സംസ്‌കാരം, ഗവേഷണം, സാങ്കേതിക വകുപ്പ് മന്ത്രി നദിം മകരീം, വിദേശകാര്യ മന്ത്രി റെത്നോ മര്‍സുദി ഉള്‍പ്പെടെ നിരവധി മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
കല, ഫാഷന്‍ ഡിസൈന്‍, സംഗീതവും നാടകവും, കായികം, സിനിമയും ഫോട്ടോഗ്രാഫിയും, പാചകം, സാഹിത്യം, ആരോഗ്യവും വിദ്യാഭ്യാസവും, രാഷ്ട്രീയവും സാമ്പത്തികവും, മ്യൂസിയങ്ങളും പ്രദര്‍ശനങ്ങളും, സുസ്ഥിരത, ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങി 12 വിഷയങ്ങളിലാണ് ഖത്തറും ഇന്തോനേഷ്യയും തമ്മിലുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക സഹകരണം.
സഹകരിച്ചുള്ള റെസിഡന്‍സി പ്രോഗ്രാമുകള്‍, ഫോട്ടോഗ്രാഫി എക്‌സ്‌ചേഞ്ചുകള്‍, പാചക യാത്രകള്‍, സാമൂഹിക പദ്ധതികള്‍, കലാപ്രദര്‍ശനങ്ങള്‍, സാഹിത്യ- ചലച്ചിത്രമേളകള്‍ എന്നിവയിലൂടെ ഖത്തറിലും പങ്കാളിത്ത രാജ്യത്തും ഈ വിഷയങ്ങള്‍ വര്‍ഷം മുഴുവനും ജീവസ്സുറ്റതാക്കുന്നു.
ജക്കാര്‍ത്ത, മെഡാന്‍, ജോഗ്ജക്കാര്‍ത്ത, ബാലി, സുംബ, താസിക്മലയ, ടെര്‍നേറ്റ്, പോണ്ടിയാനക് എന്നിവയും മറ്റ് നഗരങ്ങളും പ്രവിശ്യകളും ഉള്‍പ്പെടെ ഇന്തോനേഷ്യയുടെ രാജ്യത്തുടനീളം നടക്കുന്ന വിപുലമായ പരിപാടിയാണ് ഖത്തര്‍- ഇന്തോനേഷ്യ 2023 അവതരിപ്പിക്കുന്നത്.

