

ദോഹ: ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളേയും ജീവനക്കാരേയും ഉദ്ദേശിച്ച് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി സംഘടിപ്പിക്കുന്ന 19-ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഐന്‍ഖാലിദ് ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് 2002ലാണ് തുടക്കമായത്. ജനപങ്കാളിത്തം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്രവും വലുതും വിപുലവുമായ ക്യാമ്പ് 18 വര്‍ഷത്തെ തുടര്‍ച്ചയായ സേവനത്തിന് ശേഷം കോവിഡ് മഹാമാരി കഴിഞ്ഞ് ആദ്യമായാണ് വീണ്ടുമെത്തുന്നത്.

മൂവായിരം റിയാലില്‍ താഴെ മാസവരുമാനമുള്ളവരും വിദഗ്ധ ചികിത്സയ്ക്ക് അവസരം ലഭിക്കാത്തവരുമായ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം പേര്‍ക്ക് കാര്‍ഡിയോളജി, ഇ എന്‍ ടി, ഓര്‍ത്തോപീഡിക്, ഫിസിയോതെറാപ്പി, ഒഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും സ്‌കാനിംഗ്, ഇ സി ജി, ഓഡിയോമെട്രി, ഒഫ്താല്‍മോളജി, ഓറല്‍ ചെക്കപ്പ്, കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമായി ലഭ്യമാകും. രാവിലെ ഏഴിന് ആരംഭിക്കുന്ന പരിശോധന നാല് ഷിഫ്റ്റുകളിലായി വൈകിട്ട് ആറുവരെ തുടരും. രക്തദാനം, അവയവദാന റജിസ്‌ട്രേഷന്‍ എന്നിവയ്ക്ക് ക്യാമ്പില്‍ അവസരമുണ്ടായിരിക്കും.
ഉച്ചക്ക് ശേഷം വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ആരോഗ്യബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നടുവേദനയും പരിഹാര മാര്‍ഗ്ഗങ്ങളും, കാന്‍സര്‍ രോഗനിര്‍ണ്ണയം സ്ത്രീകളില്‍, മറവി രോഗം എങ്ങനെ നേരിടാം എന്നീ വിഷയങ്ങളില്‍ ഡോ. മഹേഷ് മേനോന്‍, ഡോ. രശ്മി ഗുരവ്, ഡോ. ദേവി കൃഷ്ണ, ഡോ. മണി ചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുക്കും.
ഡോക്ടര്‍മാര്‍ക്ക് പുറമേ നൂറുകണക്കിന് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, വളണ്ടിയര്‍മാര്‍, ടെക്‌നിക്കല്‍ സ്റ്റാഫ് തുടങ്ങിയവരും ക്യാമ്പില്‍ സേവനം അനുഷ്ഠിക്കും. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബിന് പുറമേ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍, ഖത്തര്‍ ഡയബെറ്റ്‌സ്, അസോസിയേഷന്‍, അല്‍ഹമദ് സെക്യൂരിറ്റി സര്‍വീസസ് തുടങ്ങിയ സംഘടനളകളും സ്ഥാപനങ്ങളും ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.
വാര്‍ത്താ സമ്മേളത്തില്‍ ഡോ. മുഹമ്മദ് സുഹൈല്‍, കെ സി അബ്ദുല്‍ ലത്തീഫ്, റഷീദ് അഹമ്മദ് ടി എസ്, ഡോ. ബജു ഗഫൂര്‍, ഡോ. മഖ്ദൂം അസീസ് എന്നിവര്‍ പങ്കെടുത്തു.

