

കൊച്ചി: രഞ്ജി കേരള ടീം ക്യാപ്റ്റനും പ്രശസ്ത ക്രിക്കറ്റ് താരവുമായ കെ ജയരാമന്‍ (67) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മികച്ച ബാറ്ററായിരുന്നു അദ്ദേഹം. ഭാര്യ: രമ ജയരാമന്‍. മകന്‍: അഭയ് ജയരാമന്‍.

മാര്‍ച്ചില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ രാജഗിരി കോളേജില്‍ കേരളത്തിലെ കായിക രംഗത്തെ പ്രതിഭകളെ ആദരിച്ചപ്പോള്‍ ജയരാമനുമുണ്ടായിരുന്നു.

പൊതുദര്‍ശനം ഞായറാഴ്ച വൈകിട്ട് മൂന്നു മുതല്‍ ദിവാന്‍സ് റോഡിലെ വീട്ടില്‍ നടക്കും. സംസ്‌ക്കാരം 17ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് രവിപുരം ശ്മശാനത്തില്‍.
1980കളില്‍ കേരള ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന ജയരാമന്‍ 46 ഒന്നാം ക്ലാസ് മത്സരങ്ങളില്‍ നിന്നായി 2358 റണ്‍സുകളാണ് നേടിയത്. 1986-87 സീസണ്‍ രഞ്ജിട്രോഫിയില്‍ അഞ്ച് കളിയില്‍ നാല് സെഞ്ചുറിയുമായി ദേശീയ ശ്രദ്ധനേടി. ക്രിക്കറ്റ് ജീവിതത്തില്‍ അഞ്ച് സെഞ്ചുറിയും 10 അര്‍ധ സെഞ്ചുറിയുമുണ്ട്. 133 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സ്പിന്‍ ബൗളറായി ഒരു വിക്കറ്റുമെടുത്തു.
ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി കളിച്ച അദ്ദേഹം 2010ല്‍ ബി സി സി ഐ മാച്ച് റഫറിയായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു.
കളി നിര്‍ത്തിയിട്ടും സംഘാടനത്തിലും ക്രിക്കറ്റ് ഭരണസമിതിയിലും സജീവമായി. കേരള സീനിയര്‍ ടീമിന്റെ മുഖ്യ സെലക്ടറായി പലതവണ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ദേശീയ ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു.

