

ദോഹ: മിച്ചഭക്ഷണം ശേഖരിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സാക്ഷ്യം വഹിച്ച് ഖത്തര്‍. സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും ഇക്കാര്യത്തില്‍ വലിയ സംഭാവനകളാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷ്യ സമ്പാദ്യ സംസ്‌ക്കാരം ഖത്തറില്‍ വളര്‍ന്നുവരുന്നു.

ഖത്തറിലെ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ സാമൂഹിക സംരംഭമായ ഹിഫ്സ് അല്‍ നെയ്മ സെന്റര്‍ മിക്ക വിരുന്നുകളിലും വിവാഹ പാര്‍ട്ടികളിലും എത്തി മിച്ചമുള്ള ഭക്ഷണം ശേഖരിക്കുന്നുണ്ട്. കേന്ദ്രം ഈ വര്‍ഷം ഇതുവരെ 228,217 മിച്ച ഭക്ഷണം ശേഖരിച്ച് നിര്‍ധന കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിതരണം ചെയ്തു.

വിവിധ റസ്റ്റോറന്റുകളില്‍ നിന്നും മിക്ക ആളുകളും കഴിച്ച ശേഷം ബാക്കി വരുന്ന ഭക്ഷണം തങ്ങളോടൊപ്പം കൊണ്ടുപോകാന്‍ തയ്യാറാകുന്നത് ഫുഡ് സേവിംഗ് സംസ്‌കാരമാണ് പ്രതിഫലിപ്പിക്കുന്നത്.
അല്‍ റയ്യാന്‍ ടി വി അടുത്തിടെ സമൂഹത്തില്‍ ഭക്ഷ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്ന ഒരു പരിപാടി നടത്തിയിരുന്നു. പരിപാടിയില്‍ സംസാരിച്ച ഹിഫ്സ് അല്‍ നെയ്മ സെന്ററിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുഹമ്മദ് യൂസഫ് അല്‍ മുഫ്ത കേന്ദ്രത്തിന്റെ മുന്‍കൈയോടെ നടത്തുന്ന പ്രവര്‍ത്തനത്തിന് സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നത് ഈ വിഷയത്തില്‍ വര്‍ധിച്ചുവരുന്ന പൊതുജന അവബോധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വിശദമാക്കി.
വിരുന്നുകളും വിവാഹ പാര്‍ട്ടികളും ആസൂത്രണം ചെയ്യുന്ന ഭൂരിഭാഗം ആളുകളും ഹിഫ്‌സ് അല്‍ നെയ്മ സെന്ററില്‍ വിളിക്കുകയും അധിക ഭക്ഷണം ശേഖരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഹിഫ്സ് അല്‍ നെയ്മ സെന്ററിന്റെ ബോധവല്‍ക്കരണ പരിപാടിയെക്കുറിച്ചുള്ള ചോദ്യത്തിന് അവരുടെ പ്രതിനിധികള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഭക്ഷണം ലാഭിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നു.
കേന്ദ്രത്തിന്റെ പ്രവര്‍ത്തന സംവിധാനത്തെക്കുറിച്ച് സംസാരിച്ച അല്‍ മുഫ്ത രണ്ടുതരം മിച്ച ഭക്ഷണങ്ങളാണ് ലഭിക്കാറുള്ളതെന്നും മാംസം, മത്സ്യം, ഈന്തപ്പഴം, ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് രാജ്യത്തെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുന്നതെന്നും പറഞ്ഞു.
എങ്കിലും വിരുന്നുകളില്‍ നിന്നും വിവാഹ പാര്‍ട്ടികളില്‍ നിന്നും ശേഖരിക്കുന്ന പാകം ചെയ്ത ഭക്ഷണം കൃത്യമായി റീപാക്ക് ചെയ്തതിന് ശേഷം അതേ ദിവസം തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇതേ പ്രോഗ്രാമില്‍ സംസാരിച്ച ദോഹ കോര്‍ണിഷിലെ ഒരു റെസ്റ്റോറന്റില്‍ നിന്നുള്ള മുഹമ്മദ് ജാസിം അല്‍ അബ്ദുല്ല പറഞ്ഞത് തങ്ങളുടെ മിക്ക ഉപഭോക്താക്കളും റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നവരില്‍ 99 ശതമാനവും വെയിറ്റര്‍മാരോട് അവരുടെ ശേഷിക്കുന്ന ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടെന്ന് വിശദമാക്കുന്നു. മിച്ചം വരുന്ന ഭക്ഷണസാധനങ്ങള്‍ പാക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതില്‍ നേരത്തെ നാണക്കേട് തോന്നിയിട്ടുണ്ടാകുമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഖത്തറിലെ ആളുകളുടെ മാനസികാവസ്ഥ മാറിയെന്നും അദ്ദേഹം പറഞ്ഞു. റെസ്റ്റോറന്റിന്റെ മെനുവില്‍, ഉപഭോക്താക്കള്‍ക്ക് വെയിറ്ററോട് തങ്ങള്‍ക്കോ ആവശ്യമുള്ളവര്‍ക്കോ വേണ്ടി ശേഷിക്കുന്ന ഭക്ഷണം പാക്ക് ചെയ്യാന്‍ ആവശ്യപ്പെടാമെന്ന് സൂചിപ്പിച്ചിരിക്കുന്നു’വെന്നും അല്‍ അബ്ദുല്ല പറഞ്ഞു.
ഉപഭോക്താക്കളോട് ബാക്കി ഭക്ഷണം കൊണ്ടുപോകാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ റെസ്റ്റോറന്റിലെ വെയിറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിതമായ അളവില്‍ ഭക്ഷണം പാകം ചെയ്യാനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അമിതമായി ഭക്ഷണം തയ്യാറാക്കുന്നത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2023-ല്‍ ഇതുവരെ 252,936 പേര്‍ക്ക് ഹിഫ്‌സ് അല്‍ നെയ്മ സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രയോജനം ലഭിച്ചു. മിച്ചം വരുന്ന പാകം ചെയ്ത ഭക്ഷണം, ഭക്ഷ്യവസ്തുക്കള്‍, മറ്റ് തരത്തിലുള്ള സംഭാവനകള്‍ എന്നിവ ശേഖരിക്കുന്നത് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇവന്റ് സംഘാടകര്‍ക്കും ഉദാരമതികള്‍ക്കും ഹോട്ട്ലൈന്‍ നമ്പര്‍ 44355555 വഴി കേന്ദ്രവുമായി ബന്ധപ്പെടാം. ഈ നമ്പറില്‍ വിവരം നേരത്തെ അറിയിച്ചാല്‍ മിച്ചമുള്ള ഭക്ഷണം ശേഖരിക്കാന്‍ വാഹനങ്ങള്‍ എത്തും.

