

ആലുവ: കോടതി നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം കാലപ്പഴക്കമുള്ളതിനാല്‍ പുതിയ കോര്‍ട്ട് കോംപ്ലക്സ് പണിയുന്നതിന് 37 കോടിയുടെ ഭരണാനുമതി സര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്നുവെങ്കിലും പ്രസ്തുത കെട്ടിടം പണിയുന്നത് ആലുവ സബ് ജയിലിനടുത്തായതിനാല് ജയില്‍ വകുപ്പില്‍ നിന്നും എന്‍ ഒ സി ലഭിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും ജയില്‍ വകുപ്പിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാത്തതിനാല് ജയില്‍ വകുപ്പ് എന്‍ ഒ സി നല്‍കിയിട്ടില്ല.

എന്‍ ഒ സി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിച്ചിട്ടില്ല ഈ വിഷയത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പുതിയ കോര്‍ട്ട് കോംപ്ലക്സ് പണിയുന്നതിന് എത്രയും വേഗം ജയില്‍ വകുപ്പില്‍ നിന്നും എന്‍ ഒ സി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്കി.

കൂടാതെ പുതിയ കോര്‍ട്ട് കോംപ്ലക്സ് പണിയുന്നതിന് പഴയ കെട്ടിടം പൊളിച്ചു മാറ്റേണ്ടതുണ്ട്. ആയതിനാല്‍ പുതിയ കോര്‍ട്ട് കോംപ്ലക്സ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ നിലവിലെ കോടതികള്‍ താല്കാലികമായി ആലുവയിലെ ബി എസ് എന്‍ എല്‍ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള അനുമതി എത്രയും വേഗം നല്കണമെന്നാവശ്യപ്പെട്ടും എം എല്‍ എ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോള്‍ മറ്റൊരു കത്തും നല്കി
ഈ വിഷയങ്ങളില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിട്ട് കണ്ടും എം എല്‍ എ കത്തുകള്‍ നല്കി.

