

കോഴിക്കോട്: മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യമായ സംഭാവന നല്‍കിയ കഥാകാരന്‍ എന്ന നിലയിലും ദേശസംസ്‌കൃതിക്കും നാട്ടാചാരങ്ങള്‍ക്കും ഭാഷയിലൂടെ അമരത്വം നല്‍കിയ പ്രതിഭ എന്ന നിലയിലും മലയാള സാഹിത്യം എന്നും ഓര്‍ക്കേണ്ട എഴുത്തുകാരനാണ് യു എ ഖാദര്‍. അദ്ദേഹത്തിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ യു എ ഖാദറിന്റെ സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഭാഷാ സ്‌നേഹികളും സഹൃദയരും വായനക്കാരും എഴുത്തുകാരും ഡിസംബര്‍ 11, 12 തിയ്യതികളില്‍ ഒത്തുകൂടുന്നു.

മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. രണ്ടു ദിവസം നീളുന്ന പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഡിസംബര്‍ 11ന് രാവിലെ പത്തു മണിക്ക് കേന്ദ്രസാഹിത്യ അക്കാദമി കണ്‍വീനറും എഴുത്തുകാരനുമായ കെ പി രാമനുണ്ണി നിര്‍വ്വഹിക്കും. പി കെ പാറക്കടവ് അധ്യക്ഷത വഹിക്കും. എന്‍ പി ഹാഫിസ് മുഹമ്മദ് മുഖ്യാതിഥിയാവും. ജമാല്‍ കൊച്ചങ്ങാടി പങ്കെടുക്കും.

തുടര്‍ന്ന് ‘തീഷ്ണാനുഭവങ്ങളുടെ ഖാദര്‍ക്ക’, ‘ആധുനികതയും തൃക്കോട്ടൂര്‍ കഥകളുടെ വേറിട്ട ധാരയും’, ‘ഉത്തരാധുനികതയും പുതുക്കഥകളും’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
12ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. കെ ഇ എന്‍, സി പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് ‘യു എ ഖാദറിന്റെ ചെറുകഥകള്‍’, ‘നവോഥാനകാല കഥകള്‍’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.
വൈകിട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ വി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ‘ബഹുസ്വരതയെ ഭയപ്പെടുന്നതാര്?’ എന്ന വിഷയത്തില്‍ പി എന്‍ ഗോപി കൃഷ്ണന്‍ യൂ എ ഖാദര്‍ സ്മാരക പ്രഭാഷണം നടത്തും. തുടര്‍ന്ന് മുക്കം സലിം അവതരിപ്പിക്കുന്ന ഗസല്‍സന്ധ്യ അരങ്ങേറും.

