
ആലുവ: നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ ജീവന് ഭീഷണി ആകും വിധമുള്ള വൈദ്യുതി കമ്പികളും ബില്‍ഡിങ്ങുകളും ഉടന്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ വിദ്യാഭ്യാസജില്ലാ ഓഫീസറെ ഉപരോധിച്ചു.

ആലുവ കുട്ടമശ്ശേരി സ്കൂളിലെ പഴയ കെട്ടിടം, ആലുവ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വൈദ്യുതി ലൈന്‍, കപ്രശ്ശേരി ഐഎച്ച്ആര്‍ഡി സ്കൂളിലെ ബില്‍ഡിങ്ങിന്റെ ശോചനീയാവസ്ഥ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര് ശ്രദ്ധയില്‍പ്പെടുത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റോ പരാതി കൈമാറി. യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം, യൂത്ത് കെയര്‍ ജില്ലാ കോഡിനേറ്റര്‍ എം എസ് സനു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാര്‍, ജിതിന് രാജ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ മീനു ഗണേഷ്, മുഹ്സിന ടി എ, അമീര്‍ ഷാ, അനൂപ് അഗസ്റ്റിന്, അല്ഫിന് രാജന്, മുഹമ്മദ് അഫ്സല് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എത്രയും വേഗം സ്കൂളുകളില്‍ ഇന്സ്പെക്ഷന് നടത്തി ശോചനീയാവസ്ഥകള് കണ്ടെത്തി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസറായ ഷീല എം എന്‍ ഉറപ്പു നല്കി. തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ച നേതാക്കന്മാര് കെട്ടിടം പൊളിച്ചു നീക്കുന്നതും ശുചീകരണ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കെയറിന്റെ സേവനം ലഭ്യമാകാമെന്ന് അറിയിക്കുകയും ചെയ്തു.

