
കോഴിക്കോട്: കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ്ങുണ്ടെന്ന സി പി ഐ ദേശീയ നേതാവ് ആനിരാജ നടത്തിയ വിമര്‍ശനം ഗൗരവകരമാണെന്നും തെളിവുണ്ടെങ്കില്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും പ്രതിപക്ഷ നതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് പൊലീസ് നടത്തുന്ന തേര്‍വാഴ്ചയ്ക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്നും
സതീശന്‍ കോഴിക്കോട് ഡി സി സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊലീസില്‍ ആഭ്യന്തര വകുപ്പിന് നിയന്ത്രണമില്ലാതായിരിക്കുന്നു. ബാലരാമപുരത്ത് മൂന്ന് വയസുകാരിയെ കാറില്‍ പൂട്ടിയിട്ട സംഭവം ധിക്കാരപരമാണ്. ഇത്തരത്തില്‍ തെറ്റ് ചെയ്യുന്ന പൊലീസുകാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.

സാധാരണക്കാരെ പിഴിഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തന്നെ പൊലീസിന് ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണ് .പെറ്റികേസുകളിലൂടെ 150 കോടിയോളം രൂപയാണ് പിരിച്ചെടുത്തത്. കോവിഡ് കാലത്ത് പൊലീസിനെ കയറൂരിവിടുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണം.
മുട്ടില്‍ മരം മുറി കേസില്‍ മരം മുറിച്ചസംഘത്തെയും ധര്‍മ്മടം സഹോദരന്‍മാരെയും കൂട്ടിയിണക്കുന്ന കണ്ണി മുഖ്യമന്ത്രിയാണ്. ഇവരുമായുള്ള ബന്ധമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കുറ്റവാളികളെ സംരക്ഷിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നത് അനീതിയാണ്. മരംമുറി മാഫിയയെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം. മരം മുറി കേസിലെ സര്‍ക്കാര്‍ ഒളിച്ചുകളിക്കെതിരെ യു ഡി എഫ് സമര പരിപാടികളുമായി മുന്നോട്ടു പോകും.കോവിഡ് വ്യാപനം സര്‍ക്കാര്‍ ക്രമസമാധാന പ്രശ്നമായി കാണാതെ ആരോഗ്യ പ്രശ്നമായി കൈകാര്യം ചെയ്യണം.കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യമെന്നും വി.ഡി സതീശന്‍ പറഞ്ഞു.


കോണ്‍ഗ്രസ്‌ശൈലി മാറ്റുകയാണ്. സംഘടനാപരമായ കാര്യങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റിന്റേത് അവസാന വാക്കാണ്. താന്‍ പ്രതിപക്ഷ നേതാവ് മാത്രമാണ്. കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെ കുറിച്ച് താന്‍ സംസാരിക്കില്ലെന്നും ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. പാരാജയത്തെ പോലെ വിജയവും വിലയിരുത്തണം. ആറ് മാസത്തിനുള്ളില്‍ സംഘടനാപരമായ മാറ്റം കോണ്‍ഗ്രസിലുണ്ടാകും.സംഘടനാ തിരഞ്ഞെടുപ്പിനോട് എതിര്‍പ്പില്ല. കേരളത്തില്‍ സംഘടന തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കാനാവില്ല.അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

