
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെയാണ് നിയന്ത്രണം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ ഗൗരവപൂര്‍വ്വം പരിശോധിക്കുകയും നടപടി സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് ഇനിയുള്ള ദിവസങ്ങളില്‍ മുന്നോട്ട് പോയെ മതിയാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണില്‍ ഇളവ് നല്‍കിയത് മൂലം കോവിഡ് കേസുകളിലുണ്ടായ വര്‍ധന ഓണത്തോടെ വര്‍ധിച്ചു. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷനാണ് കോവിഡ് പ്രതിരോധത്തിന് പ്രധാനം. സംസ്ഥാനത്ത് രണ്ട് കോടിയോളം പേര്‍ക്ക് ആദ്യഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബറില്‍ തന്നെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നല്‍കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റില്‍ ആരംഭിച്ച വാക്സിനേഷന്‍ യജ്ഞം വലിയ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയിലൂടെ 50 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്കിയത്. സംസ്ഥാനത്ത് ഇതുവരെ 2.77 കോടി ഡോസാണ് നല്കിയത്. 57.6 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
അശാസ്ത്രീയമായ വാക്സീന്‍ വിരുദ്ധ പ്രചാരണം പലരേയും വാക്സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നുണ്ട്. വാക്സിനെടുക്കാന്‍ വിമുഖത കാണിച്ച ഒന്‍പത് ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനെടുക്കാത്തവരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും പൊതുജാഗ്രത പുലര്‍ത്തുകയും ഇത്തരം വിമുഖത കാണിക്കുന്നവരെ തിരിച്ചറിഞ്ഞ് വാക്സിന്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.


