

തനിക്ക് ചുറ്റുമുള്ള മനുഷ്യരില്‍ നിന്ന് കഥയ്ക്ക് പ്രമേയങ്ങള്‍ കണ്ടെത്തി അവരുടെ അനുഭവങ്ങളില്‍ നിന്നുള്ള അറിവുകള്‍ കഥകളായി ശ്രീദേവിയില്‍ രൂപപ്പെട്ടു. നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ജീവിതങ്ങളാണ് അവരുടെ പല കൃതികളിലും കൂടുതലായി വായിച്ചെടുക്കാന്‍ നമുക്ക് കഴിയുക.
പ്രമേയ സ്വീകരണത്തിലും അതിന് ഉചിതമായ ഭാഷാ പ്രയോഗത്തിലും മികച്ചു നില്ക്കുന്ന കൃതികളാണ് ഈയിടെ അന്തരിച്ച കെ ബി ശ്രീദേവിയുടേത്. അശാന്തിയുടെ തുരങ്കങ്ങളിലെ മുറിവുകളുടെ ധ്യാനത്തില്‍ നിന്നാണ് കെ ബി ശ്രീദേവിയുടെ ഓരോ രചനയും.

കഥയും നോവലും ബാലസാഹിത്യവും നാടകവും സിനിമാ തിരക്കഥയുമായി എഴുത്തിന്റെ ഒട്ടുമിക്ക കൈവഴികളിലും കയ്യൊപ്പ് ചാര്‍ത്തിയാണ് കെ ബി ശ്രീദേവി അനശ്വരയായത്.’സാഹിത്യം കൊണ്ട് ആളുകളെ നേരെയാക്കാനൊന്നും ഞാന്‍ ആളല്ല. എന്റെ കൃതി വായിച്ച് ആരെങ്കിലും നന്നായാല്‍ അത്രയും സന്തോഷം. പക്ഷേ, ഈ കോലാഹലങ്ങളിലൊന്നും എനിക്ക് താല്പര്യമില്ല’- സാഹിത്യത്തെയും സമൂഹത്തെയും കുറിച്ച് തന്റെ കാഴ്ചപ്പാട് കെ ബി ശ്രീദേവി എന്ന എഴുത്തുകാരി ഒരിക്കല്‍ പങ്കുവെച്ചത് ഇങ്ങനെയാണ്.

എഴുത്തുകാരുടെ ലോകത്തെ ബഹളങ്ങളില്‍ നിന്നെല്ലാം അകന്നുനില്ക്കാന് എപ്പോഴും ഇഷ്ടപ്പെട്ട എഴുത്തുകാരിയായിരുന്നുകെ ബി ശ്രീദേവി. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഇന്റര്‍വ്യൂ ചെയ്യുവാനുള്ള അനുവാദത്തിനായിഈ ലേഖികഫോണില്സംസാരിച്ചപ്പോള് കെ ബി ശ്രീദേവി എന്ന പ്രിയ എഴുത്തുകാരി പറഞ്ഞത്ഒരുപാട് പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതുപോലെ നല്ലൊരു ആത്മബന്ധം തോന്നുന്നുവെന്നാണ്. ചിരപരിചയത്വംനിറഞ്ഞ വാക്കുകള്‍ ഇന്നും ഹൃദയത്തിലൂറിക്കിടക്കുന്നുണ്ട്.
പരിചയപ്പെടുന്നവരോടെല്ലാംഒരു ആത്മബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്ന വലിയൊരു വ്യക്തിത്വമായിരുന്നു അവര്‍. ഒരു ചെറു ചിരിയോടെ പതിഞ്ഞ ശബ്ദത്തില്‍ നമ്മോട് സംസാരിക്കുമ്പോള്‍ നമുക്ക് അവരില്‍ നിന്ന്ലഭിച്ചിരുന്നത് വലിയ ഊര്‍ജ്ജമായിരുന്നു. സ്നേഹത്തിന്റെ നിറവായിരുന്നു. തനിക്ക് ചുറ്റുമുള്ള മനുഷ്യരില്‍ നിന്ന് കഥയ്ക്ക് പ്രമേയങ്ങള്‍ കണ്ടെത്തി അവരുടെ അനുഭവങ്ങളില്‍ നിന്നുള്ള അറിവുകള്‍ കഥകളായി ശ്രീദേവിയില്‍ രൂപപ്പെട്ടു. നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ജീവിതങ്ങളാണ് അവരുടെ പല കൃതികളിലും കൂടുതലായി വായിച്ചെടുക്കാന്‍ നമുക്ക് കഴിയുക.

മലപ്പുറം ജില്ലയില്‍ വണ്ടൂരിനടുത്ത് വെള്ളക്കാട്ട് മനയില്‍ ജനിച്ച കെ ബി ശ്രീദേവിക്ക് നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതാന്‍ തനിക്ക് ചുറ്റുമുള്ള സ്ത്രീകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയായിരുന്നു. യാഥാസ്ഥിതിക ചിന്തകളിലും സാഹചര്യങ്ങളും കുരുങ്ങി ജീവിതം ഹോമിക്കപ്പെടുന്ന ആ സ്ത്രീ ജീവിതങ്ങള്‍ കെ ബി ശ്രീദേവിയുടെ ഹൃദയത്തില്‍ കൊളുത്തിവലിച്ചു. ആഢ്യത്വവും ജന്മിത്വവും നിറഞ്ഞ തറവാട്ടിലെ ജനനവും അതുപോലെയോ അല്ലെങ്കില്‍ അതിലേറെയോ ഉള്ള മറ്റൊരു തറവാട്ടിലെ തുടര്‍ ജീവിതവും അനുഭവങ്ങളും തന്റെ എഴുത്തിനെ ശക്തിപ്പെടുത്താനുള്ള വഴികളായി അവര്‍ക്കു മുന്നില്‍ മാറ്റപ്പെട്ടു.
തനിക്ക് പറയാനുള്ളതും പ്രവര്ത്തിക്കാനുള്ളതും എഴുതാനുള്ളതുമെല്ലാം പൂര്‍ണ്ണമായി അവതരിപ്പിക്കാനുള്ള തന്റേടം ഓരോ സ്ത്രീയും ആര്‍ജ്ജിച്ചെടുക്കണമെന്ന് കെ ബി ശ്രീദേവിയിലെ സ്ത്രീയും എഴുത്തുകാരിയും വിശ്വസിച്ചിരുന്നു. ബാഹ്യമായ ഇടപെടലുകള്‍ ഒരു സ്ത്രീക്ക് ഉള്ളിലെ സത്യസന്ധമായ ആശയത്തെ അവതരിപ്പിക്കുന്നതില്‍ തടസ്സമാകരുത് എന്ന് ആശയം ഉള്‍ക്കൊണ്ടുതന്നെയാണ് അവരുടെ ഓരോ കൃതികളും എഴുതപ്പെട്ടിരിക്കുന്നത്. തന്റെ എല്ലാപരിമിതികള്ക്കുള്ളിലും നിന്നു കൊണ്ടുതന്നെ ഒട്ടും പതര്‍ച്ചയില്ലാതെ മികച്ച സൃഷ്ടികള്‍ സാഹിത്യ ലോകത്തിന് സംഭാവന ചെയ്യാന്‍ ഈ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ടെന്നതിന്റെ തെളിവാണ് കൃതികള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍.
നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന ഭ്രഷ്ട് എന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട യജ്ഞം എന്ന നോവലിന് കുങ്കുമം അവാര്‍ഡ് ലഭിക്കുന്നതോടെയാണ് കെ ബി ശ്രീദേവി വായനാലോകത്ത് ശ്രദ്ധേയയാകുന്നത്. അന്നത്തെ നമ്പൂതിരി ജീവിതത്തിന്റെ സമഗ്രതയെ ഭാഷയുടെ കാന്തിക ശക്തി കൊണ്ടെഴുതിയ നോവല്‍ വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു.
ചാണക്കല്ല്, മുഖത്തോടു മുഖം, തിരി ഉഴിച്ചില്‍, മൂന്നാം തലമുറ, ദശരഥം, അഗ്നിഹോത്രം, ബോധിസത്വന് എന്നീ നോവലുകളും കുട്ടിത്തിരുമേനി, കോമണ്‍വെല്‍ത്ത്, കൃഷ്ണാവതാരം, പടുമുള, ചിരഞ്ജീവി തുടങ്ങിയ ചെറുകഥകളും ഭാഗവതപര്യടനം,ജ്ഞാനപ്പാന വ്യാഖ്യാനം, പ്രാചീന ഗുരുകുലങ്ങള്‍ എന്നീ പ്രബന്ധങ്ങളും കെ ബി ശ്രീദേവിയുടെ എഴുത്തിന്റെ സപര്യയിലൂടെ വായനാ ലോകത്തെത്തിയതാണ്.

കുട്ടികള്‍ക്കായി എഴുതിയ പിന്നെയും പാടുന്ന കിളി എന്ന ബാലസാഹിത്യവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറൂരമ്മ എന്ന നാടക രചനയിലൂടെ അരങ്ങിന്റെ ഭാഷയും നിറമാല എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയിലൂടെഎഴുത്തിന്റെ അഭ്രഭാഷയും അനായാസം വഴങ്ങുമെന്നും കെ ബി ശ്രീദേവി തെളിയിച്ചു.
മികച്ച കഥയ്ക്കുള്ള 1975ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംനിറമാലയ്ക്ക് ലഭിച്ചിരുന്നു. 2011ലെ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം, 2018ലെഅമൃത കീര്‍ത്തി പുരസ്കാരം, 2019ല്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം തുടങ്ങിയവയാണ് കെ ബി ശ്രീദേവിക്ക് ലഭിച്ച പ്രധാന അവാര്‍ഡുകള്‍.
13ാം വയസ്സിലാണ് ‘യുഗാന്തരങ്ങളിലൂടെ’ എന്ന ആദ്യ കഥ; അതും മരണത്തെക്കുറിച്ച്. സ്വയം സൃഷ്ടിച്ചെടുത്ത വായനയുടെ ലോകത്തുനിന്നാണ് ശ്രീദേവി എഴുത്തിലേക്ക് കടന്നത്. പൗരസ്ത്യ, പാശ്ചാത്യ സാഹിത്യങ്ങളിലെ പ്രമുഖമായ പല രചനകളും ചെുറുപ്പത്തില് തന്നെ തേടിപ്പിടിച്ച് വായിച്ചു. ഒരു പക്ഷിയുടെ മരണമുണ്ടാക്കിയ വ്യഥയാണ് ആദ്യ കഥയ്ക്ക് പ്രചോദനമായത്. തുഞ്ചത്താചാര്യന് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ കഥക്ക് പ്രതിഫലമായി ലഭിച്ചത് പത്തുരൂപ. തന്റെ മകനെയും അനുജനെയും സംസ്കൃതം പഠിപ്പിക്കാനെത്തിയ പണ്ഡിതന് പി എസ് സുബ്ബരാമപട്ടരുടെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ മരണംവരെ ശ്രീദേവി സംസ്കൃതം പഠിച്ചു. അത് എഴുത്തിനെ ഒട്ടൊക്കെ സഹായിക്കുകയും ചെയ്തു.
വി ടി ഭട്ടതിരിപ്പാട്, ചെറുകാട് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഒരു അന്തര്‍ജനം എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണമായി വി ടി പലപ്പോഴും ശ്രീദേവിയെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാഹത്തിനുശേഷം വീട്ടിലൊതുങ്ങിക്കഴിയുമ്പോഴാണ് മഹിളാ സമാജം രൂപവത്കരിക്കണമെന്ന ചിന്ത ശ്രീദേവിയില്‍ ഉടലെടുത്തത്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ട് 1960ല്‍ രൂപീകരിച്ച സമാജത്തിന്റെ സെക്രട്ടറി ശ്രീദേവി ആയിരുന്നു. 1970ല്‍ കൂടല്ലൂരില്‍നിന്ന് തൃശൂരിലേക്ക് താമസം മാറുന്നതുവരെ അവര്‍ സമാജത്തില്‍ സജീവമായിരുന്നു.
നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി വണ്ടൂരില്‍ ഒരു വിദ്യാലയം വരാന്‍ അശ്രാന്ത പരിശ്രമം നടത്തിയ ഒരച്ഛന്റെ മകളായ കെ ബി ശ്രീദേവിക്ക്ഉയര്ന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിന്റെ കാവ്യനീതിയാകാം എഴുത്ത് സ്വന്തം തട്ടകമായത്. കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ വലിയ താല്പര്യം ഉണ്ടായിട്ടും പതിനാറാം വയസ്സില്‍ തന്നെ അവര്‍ വിവാഹത്തിലേക്കാണ് നയിക്കപ്പെട്ടത്. വായനയിലും എഴുത്തിലും അറിവ് നേടുന്നതിലുമൊക്കെയുള്ള മകളുടെ താല്പര്യം തിരിച്ചറിയാന്‍ തിരക്കുകള്‍ക്കിടയില്‍ അച്ഛന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നതിന്റെസങ്കടം അവരില്‍ എക്കാലവും അലയടിച്ചിരുന്നു.


