Connect with us

Special

മന്ത്രാലയങ്ങളില്‍ വിശ്രമിക്കുന്ന പഠന റിപ്പോര്‍ട്ടുകളും തുടര്‍ച്ചയായി പ്രകൃതി ദുന്തങ്ങളേറ്റുവാങ്ങി കേരളവും

Published

on


നാം മനുഷ്യര്‍ എത്ര നിസ്സാരര്‍. ഏറ്റവും പരമോന്നത ശക്തിയായ പ്രപഞ്ച ശക്തിയുടെ മുന്‍പില്‍.

ഓഖിയും കോവിഡ് മഹാമാരിയും വലിയ രണ്ടു പ്രളയങ്ങളും നമ്മെ ഒട്ടേറെ പാഠങ്ങള്‍ പഠിപ്പിച്ചു. പഠിച്ച പാഠങ്ങളും അനുഭവിച്ച ദുരിതങ്ങളും നാം മറന്നു. ഇതാ വലിയൊരു മഹാദുരന്തം കൂടി നമ്മുടെമേല്‍ പതിച്ചിരിക്കുന്നു.

വയനാടന്‍ മലനിരകളുടെ ഓരത്തും ചാരത്തും അടിവാരത്തും ജീവിച്ച ജനജീവിതങ്ങളുടെ മേല്‍ ആര്‍ത്തുലച്ചും ഉരുണ്ടിറങ്ങിയും കുത്തിയൊലിച്ചും ചുഴറ്റിയെറിഞ്ഞും മരണം വാരി വിതറി ഉറഞ്ഞു തുള്ളി സംഹാര താണ്ഡവമാടിയ പ്രകൃതി. ഒന്നും ബാക്കി വെക്കാതെ തിരിച്ചു വരാതെ പോയവര്‍, ഗുരുതരമായ പരുക്കേറ്റ് ജീവച്ഛവമായവര്‍. എല്ലാം നഷ്ടപ്പെട്ട് ജീവന്‍ മാത്രം ബാക്കിയായവര്‍. ശേഷക്രിയയ്ക്ക് പോലും ഒരാളെ ബാക്കി വയ്ക്കാതെ രാക്ഷസി രൂപം പൂണ്ട് ഉഗ്രരൂപിയായ് മാറി കുടുംബങ്ങളെ കൂട്ടത്തോടെ കുഴിച്ചുമൂടി
പ്രകൃതി ശക്തി.

ഒരേമണ്ണില്‍ ജനിച്ച് ഒരുമിച്ച് ജീവിച്ച് അതേ മണ്ണിനടിയില്‍ അകപ്പെട്ട് കാണാമറയത്തായവര്‍.
പേരും ജാതിയും മതവും തിരിച്ചറിയാതെ ജീവനറ്റ മനുഷ്യ ശരീരങ്ങള്‍ മാത്രമായി കൂട്ടത്തോടെ സംസ്‌കരിക്കപ്പെട്ട ഹതഭാഗ്യര്‍.

അനാഥരായവര്‍, അംഗഹീനരായവര്‍, ഒറ്റ രാത്രിയില്‍ താണ്ഡവമാടി എല്ലാം തകര്‍ത്തെറിഞ്ഞു പ്രകൃതി. പ്രകൃതിയുടെ ഉത്ഭവത്തോളം തന്നെ അതിന്റെ ക്ഷോഭത്തിനും നശീകരണക്രിയകള്‍ക്കും പഴക്കമുണ്ട്.

ഒരേ ഒരൊറ്റശക്തി പ്രപഞ്ചശക്തി, അതിനെ വെല്ലു വിളിക്കാന്‍ നമുക്കാവില്ല. പ്രൃകൃതിയുടെ രോഷത്തിനെത്തിരെ നിസ്സഹായരായ നമ്മള്‍.

സൃഷ്ടി സ്ഥിതി സംഹാരം എന്ന തലത്തിലാണ് പ്രകൃതിയുടെ പ്രവര്‍ത്തനങ്ങള്‍. നമ്മുടെ നിര്‍മ്മാണത്തിന്റേയും നിലനില്‍പ്പിന്റേയും തിരോധാനത്തിന്റേയും നിയന്ത്രണം നൂറുശതമാനവും പ്രകൃതിയുടെ കൈകളിലാണ്. സമ്മര്‍ദ്ദമേറുമ്പോള്‍ കലികയറി ഉറഞ്ഞു തുള്ളും. ആര്‍ക്കും തടുക്കാനാവാത്ത വിധം പൊട്ടിത്തെറിക്കും, എല്ലാം ചാമ്പലാക്കും.

അനുഭവങ്ങള്‍കൊണ്ടും ദുരന്തങ്ങള്‍ കൊണ്ടും പാഠം പഠിക്കാത്ത നമ്മള്‍. പഠനങ്ങളേയും അറിവുകളേയും കണ്ടെത്തലുകളേയും കണക്കിലെടുക്കാത്ത നമ്മള്‍.
ശാസ്ത്രീയ മുന്നറിയിപ്പുകളേയും ഓര്‍മ്മപ്പെടുത്തലുകളേയും അവഗണിക്കുന്ന നമ്മള്‍.
ദുരന്തങ്ങളുണ്ടാകുമ്പേള്‍ മാത്രം പഠനങ്ങള്‍ നടത്തി കാരണങ്ങള്‍ മാത്രം കണ്ടെത്തി പുസ്തകം മടക്കി വെയ്ക്കുന്ന നമ്മള്‍.

പരിഹാര പദ്ധതികള്‍ കണ്ടെത്തി പരിസ്ഥിതിയെ സംരക്ഷിച്ച് മനുഷ്യരെ രക്ഷിക്കാതെ പരസ്പരം പഴിച്ചും തൊഴിച്ചും കാലം കഴിക്കുന്ന നമ്മള്‍. മനുഷ്യന്‍ നില നിന്നാലെ മതവും ജാതിയും രാഷ്ട്രീയവും സംഘടനകളും നിര്‍മ്മിതികളും നിലനില്‍ക്കുകയുള്ളു.

കേരളത്തില്‍ പ്രകൃതി ക്ഷോഭങ്ങളും വന്യജീവി ആക്രമണങ്ങളും കടല്‍ക്ഷോഭവും മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ താരതമ്യേനെ വര്‍ധിച്ചുവരുന്നു. വര്‍ധിച്ചുവരുന്ന കാലാവസ്ഥ വ്യതിയാനങ്ങളുടെ ഫലമായുണ്ടാകുന്ന കനത്ത ആഘാതങ്ങള്‍ക്ക് കേരളം വലിയതോതില്‍ ഇരയാവുന്നു. വലിയ തോതില്‍ ആള്‍നാശം സംഭവിക്കുന്നു.

പശ്ചിമ ഘട്ടത്തിനും തീരദേശത്തിനും ഇടയില്‍ കിടക്കുന്ന കൊച്ചു ഭൂപ്രദേശം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കേരളം. പ്രകൃതിയുടെ ബാഹ്യഭംഗിയെ മാത്രം പുകഴത്തി പാടുന്ന നമ്മള്‍. വന്‍തോതില്‍ പാറ പൊട്ടിച്ചും ഖനനം നടത്തിയും വനം നശിപ്പിച്ചും കൈയ്യേറ്റങ്ങള്‍ നടത്തിയും നവന്‍ നിര്‍മ്മിതികള്‍ ഉയര്‍ത്തിയും പരിസ്ഥിതിയെ നമ്മള്‍ പരമാവധി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പഠന സമിതിയുടെ പതിമൂന്ന് വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഇനിയും നടപ്പാക്കാത്ത ചെവികൊള്ളാത്ത സര്‍ക്കാരുകള്‍.

പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും പലപ്പോഴും ചര്‍ച്ച ചെയ്യുന്ന റിപ്പോര്‍ട്ടായി മാത്രം മാറിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ വേട്ടയാടുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യാനുള്ള റിപ്പോര്‍ട്ടു മാത്രമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ മാറ്റി നമ്മള്‍. ദുരന്തന്തിന്റെ ആഘാതം മാറി അതിജീവനത്തിന്റെ പാതയില്‍ ഗാഡ്ഗിലിനേയും നമ്മള്‍ മറക്കും അടുത്ത ദുരന്തം വരെ.

ദുരന്തം വിതച്ച വയനാട്ടിലെ വൈത്തിരി തലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം തുടങ്ങി പതിനെട്ട് സ്ഥലങ്ങള്‍ പരിസ്ഥിതി അതിലോല പ്രദേശങ്ങളാണെന്ന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നു. ഈ പ്രദേശങ്ങളില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ഖനനങ്ങളും കരിങ്കല്‍ ക്വാറികളും പാടില്ലെന്നും പുതിയ നിര്‍മിതികള്‍ പാടില്ലെന്നും നിഷ്‌കര്‍ഷിക്കുന്നു. അമിതമായ കീടനാശിനികളുടെ പ്രയോഗവും ുതിയ സെറ്റില്‍മെന്റുകളും പാടില്ലെന്ന് പറയുന്നു.

മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ സമഗ്രവും ബഹുമുഖവുമായ പഠനം നടത്തി ആവശ്യമായ ‘അഡ്ജസ്റ്റ്‌മെന്റ്കളും’ ‘ഡിസ്‌കൗണ്ടുകളും’നടത്താനുദ്ദേശിച്ചാണ്’ കസ്തൂരിരംഗന്‍ കമ്മിറ്റി രൂപികരിച്ചത്.

2012ല്‍ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളെ സംരക്ഷിച്ച് മനുഷ്യ ജീവിതങ്ങളെ രക്ഷിക്കാനാവശ്യമായ പദ്ധതികള്‍ നടപ്പാക്കാതെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ആവശ്യമായ ‘വെള്ളം ചേര്‍ത്ത്’ പരസ്ഥിതിലോല പ്രദേശങ്ങളുടെ വിസൃതി കണക്കുകൊണ്ട് കുറയ്ക്കാന്‍ മാത്രം വന്ന പഠന സമിതിയാണ് കസ്തൂരി രംഗന്‍ പാനലെന്ന് പല പരിസ്ഥിതി ശാസ്ത്രജ്ഞരും സംശയിക്കുന്നു.
പരിസ്ഥിതിയെ ഒരുപോലെ ബാധിക്കുന്ന പൊതുവായ ഘടകങ്ങളില്‍ ഇരുകൂട്ടര്‍ക്കും സംശയമില്ലന്നുള്ളതില്‍ പ്രതീക്ഷതരുമ്പോഴും അപകട മേഖലയുടെ വ്യാപ്തി കണക്കുകൊണ്ട് കുറച്ച് കസ്തൂരിരംഗന്‍ കലാസിലെഴുതിവച്ചാല്‍ ഗാഡ്ഗിലിന്റെ കണ്ടെത്തലുകള്‍ ഇല്ലാതാവുമൊ?

Advertisement

പശ്ചിമ ഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന 114 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടുകളിലും വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളില്‍പ്പെട്ട പതിമൂന്ന് വില്ലേജുകളില്‍ ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരി മട്ടം തുടങ്ങി വന്‍ദുരന്തങ്ങളേറ്റ പ്രദേശങ്ങളുള്‍പ്പെടുന്നു എന്നുള്ളത് അധികാരികള്‍ക്ക് ഇനിയെങ്കിലും ബോധ്യപ്പെടുമോ?

എല്ലാ രാഷ്ട്രീയ കക്ഷികളുടേയും മത സാമുദായിക സംഘടനകളുടേയും വ്യവസായ, കച്ചവട ലോബികളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടിവന്ന സര്‍ക്കാരുകള്‍, പ്രകൃതിയുടെ രോദനങ്ങള്‍ക്ക് മാത്രം ചെവികൊടുത്തില്ല.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കാന്‍ മത, സാമുദായിക, മലയോര കര്‍ഷക സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങളേയും സമ്മര്‍ദ്ദങ്ങളേയും തണുപ്പിക്കാന്‍ ഗാഡഗിലിനേയും കസ്തൂരിരംഗനേയും തള്ളി സര്‍ക്കാരുകള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഉമ്മന്‍ വി ഉമ്മന്‍ ചെയര്‍മാനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. മറ്റു പല ശുപാര്‍ശകളേയും തോട്ടങ്ങളേയും കൃഷി മേഖലകളേയും നിര്‍മ്മിതികളേയും പരിസ്ഥിതി ലോല മേഖലകള്‍ക്ക് പുറത്താക്കി ഉമ്മന്‍ സമിതി
ഒരു പരിധിവരെ എല്ലാവരേയും തൃപ്തിപ്പെടുത്തി റിപ്പോര്‍ട്ട് പുറത്തിറക്കി.

റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളും സൗജന്യങ്ങളും ആര്‍ക്കനുകൂലമായാലും പ്രകൃതിയുടെ ക്രൂരതകള്‍ക്ക് മാറ്റം വരുമൊ? നാളെയിലെ മനുഷ്യകുലത്തിന്റെ നിലല്‍നില്‍പ്പിന് ആവശ്യമായ നടപടികളെടുത്തില്ല.

ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ പശ്ചിമഘട്ടത്തേയും അതിലുള്‍കൊള്ളുന്ന പരിസ്ഥിതി ലോല മേഖലകളേയും തനത് രൂപത്തില്‍ സംരക്ഷിച്ചു നിര്‍ത്തിയാല്‍ മാത്രമെ ആവാസ വ്യവസ്ഥിതി സംതുലനമായി നിലനില്‍ക്കുകയും ജീവന്റെ തുടര്‍ച്ചയും സംഭവിക്കുകയുള്ളു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും നിലനില്‍പ്പും കേരളമുള്‍പ്പെടെയുള്ള ആറു തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളുടെ സംരക്ഷണവും നിലനില്‍പുമാണ്.

തുടര്‍ച്ചയായ വനനശീകരണവും ഖനനവും കരിങ്കല്‍ ക്വാറികളും വനഭൂമി കയ്യേറ്റങ്ങളും കുടിയേറ്റങ്ങളുമെല്ലാം തന്നെ മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലുകള്‍ക്കും കാരണമായതായി എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നു.

ഐ എസ് ആര്‍ ഒയുടെ കീഴിലുള്ള നാഷ്‌നല്‍ റിമോട്ട് സെന്‍സിന്‍ഗ് സെന്റര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നത് വയനാടിലെ ചൂരല്‍ മലയിലും പരിസരത്തും ജൂലൈ മുപ്പതാം തിയ്യതി മാത്രം 86000 സ്‌ക്വയര്‍മീറ്ററോളം ഭൂമി ഉരുള്‍ പൊട്ടലിലൂടെ തെന്നിമാറി ഒലിച്ചുപോയി എന്നാണ്. ഭീതിപ്പെടുത്തുന്ന കണക്കുകള്‍. വയനാട് ദുരന്തം നമ്മള്‍ ബോധപൂര്‍വ്വം നമ്മുടെ മേല്‍ വരുത്തിവച്ച ദുരന്തമാണെന്ന് മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെ സമിതിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

ആഗോള ജി ഡി പിയുടെ പകുതിയോ അതിലധികമൊ മിതമായും ഉയര്‍ന്നതോതിലും
ആവാസ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട സേവനങ്ങളെ ആശ്രയിക്കുന്നതായി ലോകസാമ്പത്തീക ഫോറം അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യക്ഷവും പരോക്ഷവുമായി മനുഷ്യന്റെ നിലനില്‍പ്പിനും അതിജീവിനത്തിനും സഹായിക്കുന്ന ജൈവവൈവിധ്യങ്ങളെ നിലനിര്‍ത്തി സംരക്ഷിക്കേണ്ട ബാധ്യത എല്ലാവരിലും നിക്ഷിപ്തമാണെന്ന് ഇത് ചൂണ്ടികാണിക്കുന്നു.

കേരളത്തിന്റെ ഭൗമ ഘടനയും ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവും കാലാവസ്ഥാ വ്യതിയാനങ്ങളും പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളും കോര്‍ത്തിണക്കി സമഗ്രമായ ഒരു പഠനത്തിന് വിധേയമാക്കി, പ്രകൃതിയേല്‍പ്പിക്കുന്ന ആഘാതങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള പദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കണം. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരുകള്‍ സ്വീകരിക്കണം.

പരിസ്ഥിതിയുടെ നിലനില്‍പ്പിനാവശ്യമായ ജൈവവൈവിധ്യങ്ങളുടെ ആവാസ വ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കി മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ നടപടികള്‍ വേണം.
ഉരുള്‍ പൊട്ടലുകള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള Early Landslide warning system പരിസ്ഥിതി ലോല മേഖലകളില്‍ അടിയന്തിരമായി സ്ഥാപിക്കണം.

വയനാടിനെ നാം നെഞ്ചോട് ചേര്‍ത്ത് പിടിക്കണം. ദുരന്തബാധിതര്‍ക്കുവേണ്ടി പുനരധിവാസം ആസൂത്രിതവും ദീര്‍ഘവീക്ഷണത്തോടെ ദീര്‍ഘകാലത്തേക്കുള്ള സമഗ്രമായ പദ്ധതികളിലൂടെയാവണം. ജീവിതം കൈവിട്ടുപോയ അതിജീവിതര്‍ക്കുള്ള പിന്തുണ തല്‍ക്കാലികമാരുത്. പുനരധിവാസ പദ്ധതികളെല്ലാം ദുരന്തമുണ്ടാകുവാന്‍ സാധ്യതകളുള്ള മേഖലകള്‍ക്ക് പുറത്താകണം. വയനാടും വിലങ്ങാടും ആവര്‍ത്തിക്കാന്‍ നാം ഇനിയും കാരണക്കാരാവരുത്.

വരാനിക്കിരുന്ന പഠനങ്ങള്‍ക്കും അവയുടെ റിപ്പോര്‍ട്ടുകള്‍ക്കും മുന്‍ റിപ്പോര്‍ട്ടുകളുടെ ഗതിയുണ്ടാവരുത്. ശീതികരിച്ച മുറിയില്‍ ഉറങ്ങുന്ന റിപ്പോര്‍ട്ടുകള്‍ ഇനിയെങ്കിലുമുണരുമെന്ന് നമുക്കാശിക്കാം.

ജോണ്‍ഗില്‍ബര്‍ട്ട്

error: Content is protected !!