

ദോഹ: ഖത്തര്‍ തൊഴില്‍ രംഗത്തെ വിമര്‍ശിക്കുന്നവരോട്! ഞങ്ങള്‍ ഇവിടെ സുരക്ഷിതരും സന്തോഷത്തിലുമാണ്.
ലോകത്തിലെ തൊഴില്‍ വിപണികളില്‍ ഉയര്‍ന്ന സ്ഥാനവും നിലവാരവും പുലര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍.
ലോകത്തിന്റെ മിക്ക രാജ്യങ്ങളിലെയും തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്ന ഇടം.

ഗള്‍ഫ് നാടുകളിലാണ് പൊതുവെ ബ്ലൂ കോളര്‍ വിഭാഗത്തില്‍ പെടുന്നവര്‍ ജോലിക്കായി മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെ, ഉന്നത തൊഴിലുകളല്ലാതെ തൊഴില്‍ രംഗത്ത് സാധ്യത വളരെ വിരളമായി കൊണ്ടിരിക്കുകയാണ്.

സൗദി പോലെയുള്ള രാജ്യങ്ങളില്‍ വന്‍ വ്യാപാരികള്‍ക്കും ഉന്നത ജോലിക്കും മാത്രമായിരിക്കും, വളരെ സമീപ ഭാവിയില്‍ സാധ്യത തീരെ ഇല്ലാതാവുമെന്നും കണക്കാക്കുന്നു. അതേ സമയം ഗള്‍ഫ് മേഖലയില്‍ വരും വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യം ഖത്തര്‍ ആയിരിക്കുമെന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍.
ഖത്തറില്‍ ഇനിയും വികസനവും അതിനനുസരിച്ച് തൊഴിലാളികളുടെയും മറ്റുള്ളവരുടെയും സേവനം ആവശ്യമായി വരികയും അവസരങ്ങളുടെ നാടായി മാറുമെന്നും കണക്കാക്കുന്നു. കാലത്തിനനുസൃതമായി, പ്രത്യേകിച്ചും 2017 മുതല്‍ ഏറെ ഗുണപരമായ മാറ്റങ്ങളാണ് ഖത്തര്‍ തൊഴില്‍ നിയമ രംഗത്ത് വരുത്തിയത്.
- വിദേശ തൊഴിലാളികള്‍ക്ക് നേരെത്തയുണ്ടായിരുന്ന എക്‌സിറ്റ് പെര്‍മിറ്റ് സിസ്റ്റം ഒഴിവാക്കിയത് കൊണ്ട് ഏത് സമയത്തും പോവാനും തിരികെ വരാനും സാധിച്ചു.
- പഴയ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം എടുത്ത് കളഞ്ഞ് പുതിയ തൊഴിലിലേക്ക് മാറാനും തൊഴിലാളികള്‍ക്ക് അനുമതി നല്‍കി.
ഈ നിയമം വന്ന് ഒരൊറ്റ വര്‍ഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് തങ്ങളുടെ തൊഴിലിടങ്ങള്‍ മാറിയതെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. നിയമം പൂര്‍ണ്ണാടിസ്ഥാനത്തില്‍ തന്നെ നടപ്പാക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഇതുവഴി തെളിയുന്നത്. - 2021 മാര്‍ച്ചില്‍ കൊണ്ടുവന്ന മിനിമം വേതന നിയമം ദേശഭാഷാ വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും മിനിമം വേതനം ലഭ്യമാക്കി. ജോലിയുടെ സ്വഭാവം നോക്കാതെ, വീട്ടു ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ ഈ നിയമം വഴി സാധിച്ചുവെന്നത് ഗള്‍ഫ് മേഖലയില്‍ തന്നെ മാതൃകയായി.
- ശമ്പളം നല്‍കുന്നത് ബാങ്ക് വഴിയാക്കുകയും കൃത്യസമയത്ത് ശമ്പളം ലഭ്യമാക്കിയില്ലെങ്കില്‍ തൊഴിലുടമക്കെതിരെ ശക്തമായ നടപടികള്‍ കൈകൊണ്ടു വരുന്നു. അത് കൊണ്ട് വേജ് തെഫ്റ്റ് എന്ന് ലോകം ചര്‍ച്ച ചെയ്യുന്ന വലിയ പ്രശ്‌നം ഖത്തറില്‍ താരതമ്യേന കുറവാണ് എന്നതാണ് വസ്തുത.
- തൊഴിലാളികള്‍ക്ക് തങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതിന് പുറമെ തൊഴിലാളിക്ക് വേണ്ടി മറ്റൊരാള്‍ക്ക് പോലും പരാതി സമര്‍പ്പിക്കാനും സാധിക്കും.
- ചൂട് കാലം പോലുളള പ്രതികൂല കാലാവസ്ഥയില്‍ ജോലി ചെയ്യുമ്പോള്‍ കൃത്യമായ വിശ്രമസമയവും തൊഴിലാളികളുടെ സുരക്ഷിതത്വവും ഉറപ്പു വരുത്താനുള്ള നിയമങ്ങള്‍ കൊണ്ടുവരാനും സാധിച്ചു.
- തൊഴിലിടങ്ങളിലെ അപകടങ്ങള്‍ താരതമ്യേന കുറവായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപകടം സംഭവിച്ച കേസുകളില്‍ കൃത്യമായ നഷ്ടപരിഹാരങ്ങളും നല്‍കിയിട്ടുണ്ട്.
- സൗജന്യ മെഡിക്കല്‍ ഫെസിലിറ്റി എല്ലാവര്‍ക്കും നല്‍കുന്ന രാജ്യമാണ് ഖത്തര്‍. ക്യാന്‍സര്‍ അടക്കമുള്ള അസുഖങ്ങള്‍ക്ക് വര്‍ഷങ്ങളോളം സൗജന്യ ചികില്‍സയാണ് ലഭിക്കുന്നതെന്ന് ഓര്‍ക്കണം. കോവിഡ് കാലത്ത് സ്വദേശികള്‍ക്കും താമസക്കാര്‍ക്കും യാതൊരു വിവേചനവും കാണിക്കാതെ നല്‍കിയ ചികില്‍സയും കരുതലും ലോകം പഠിക്കേണ്ടതാണ്.
- ഇനി മുതല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ എല്ലാവര്‍ക്കും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് വേണമെന്ന നിബന്ധന കൊണ്ടുവന്നു. ഇത് സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ ലഭ്യമാക്കുന്നതിന് ഏറെ സഹായിക്കും.
- തൊഴിലാളികള്‍ക്ക് തങ്ങളുടെ താമസ രേഖകള്‍ ശരിയാക്കി ഖത്തറില്‍ തന്നെ തുടരാനോ നാട്ടിലേക്ക് മടങ്ങി പോയി പുതിയ വിസയില്‍ വരാനോ സാധിക്കുന്നതിനായി ഒക്ടോബര്‍ 2021 മുതല്‍ ഏപ്രില്‍ 2022 വരെയുള്ള നീണ്ട കാലയളവില്‍ ഗ്രേസ് പീരിയേഡ് അനുവദിച്ചു.
1.1 പ്രസ്തുത ഗ്രേസ് പീരിയേഡ് ആനുകൂല്യം വഴി പതിനായിരങ്ങളാണ് രേഖകള്‍ ശരിയാക്കി പുതിയ ജോലികള്‍ നേടിയത്.
1.2 തൊഴിലാളി സംരക്ഷണത്തിനായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ സസൂഷ്മം വീക്ഷിക്കുകയും നടപടിക്രമങ്ങള്‍ പാലിക്കാത്ത ഏജന്‍സികള്‍ക്കെതിരെ നിരന്തരം നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
1.3 തൊഴിലാളി സംരക്ഷണ പ്രക്രിയകള്‍ ഖത്തറില്‍ കാലാനുസൃതമായി തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു.
1.4 തൊഴിലാളി സംരക്ഷണ നിയമങ്ങളെയും നടപടിക്രമങ്ങളെയും വിവരിച്ച് ധാരാളം ശില്‍പശാലകളും സോഷ്യല്‍ മീഡിയ വഴിയും ദൃശ്യ, ശ്രാവ്യ അച്ചടി മാധ്യമങ്ങള്‍ വഴിയും ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നു.
ഖത്തറില്‍ നടക്കുന്ന ഇത്തരം പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളാണ് ഞാന്‍ അടക്കമുള്ള പ്രവാസികള്‍.
ഇത്തരം പുരോഗതികളെ കണ്ടില്ലെന്ന് നടിച്ച് ഖത്തറിലെ തൊഴിലാളികളുടെ കാര്യത്തില്‍ നിക്ഷിപ്ത താത്പര്യാര്‍ഥം വാസ്തവ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്ന ദേശാന്തരീയ മാധ്യമങ്ങളോടും സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരോടും ഒന്നേ പറയാനുള്ളൂ.
ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്.

