

ജനീവ: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയാന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന യാത്രാ നിരോധനത്തിന് സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യാത്രാ നിരോധനം പ്രഖ്യാപിക്കുന്നത് ജീവിതം കൂടുതല്‍ ദുസ്സഹമാക്കുംമെന്നും കൊറോണ വ്യാപനം ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ സാരമായി ബാധിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. അന്താരാഷ്ട്ര യാത്രികരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ രാജ്യങ്ങള്‍ കാര്യക്ഷമമാക്കുകയാണ് വേണ്ടമെന്ന ആവശ്യമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ വ്യാപകമായി വിലക്കേര്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതു കൊണ്ടു മാത്രം ഒമിക്രോണിന്റെ ആഗോളവ്യാപനം തടയാന്‍ സാധിക്കില്ല. യാത്രാ നിരോധനത്തിന് പകരമായി തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാകണം രാജ്യങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത്.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പുതിയ വകഭേദം അപകടകാരിയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ പന്ത്രണ്ടിലധികം രാജ്യങ്ങളിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെല്ലാം കര്‍ശന നിരീക്ഷണത്തിലാണ്.

