Connect with us

എഴുത്തുമുറി

മറ്റൊരു യുഗത്തിലേക്ക് മലയാള സിനിമ

Published

on


ഭ്രമയുഗം എന്ന സിനിമയിലൂടെ മലയാള സിനിമ മറ്റൊരു യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. മൂന്നോ നാലോ കഥാപാത്രങ്ങള്‍ ഏറിയാല്‍ അഞ്ച്, ഇത്രയും പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി അതും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ നിര്‍മ്മിക്കാനുള്ള സാഹസം കാണിച്ച രാഹുല്‍ സദാശിവന്‍ എന്ന സംവിധായകന്റെ ആത്മവിശ്വാസവും ധൈര്യവും സമ്മതിച്ച് കൊടുത്തേ മതിയാകൂ. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ 220ഓളം സിനിമകളില്‍ വിജയം കൈവരിക്കാനായത് 12ഓളം സിനിമകള്‍ക്ക് മാത്രമാണ് എന്ന കണക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും ഈ കാണിച്ചത് ധൈര്യം തന്നെയാണ്.

ഭൂതകാലം എന്ന ചിത്രം തൊട്ട് പ്രേക്ഷകര്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ഫിലിംമേക്കര്‍ കൂടിയാണ് രാഹുല്‍ സദാശിവന്‍.

അതേസമയം ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗം അവസാനിച്ചിട്ടില്ല എന്ന ഒരു സന്ദേശം കൂടി പ്രേക്ഷകന് നല്‍കുകയാണ് ഈ സിനിമ. ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രങ്ങളുടെ ഭംഗി, മറ്റൊന്നിനെ കൊണ്ടും മറികടക്കാന്‍ കഴിയാത്ത ഒന്നാണെന്ന് ലോക സിനിമയിലെ കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഇറങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലച്ചിത്രങ്ങള്‍ എടുത്ത് നോക്കിയാല്‍ മനസ്സിലാകും.

വേഷപ്പകര്‍ച്ചയിലൂടെ എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച മഹാനടന്‍ മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രവും കഥാ പരിസരവുമാണ് ഈ ചിത്രത്തെ മലയാളത്തില്‍ ഇറങ്ങിയ മറ്റു ചിത്രങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നത്. കൊടുമണ്‍ പോറ്റിക്ക് ഇതുവരെ മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രവുമായും സാമ്യം കണ്ടെത്താന്‍ കഴിയില്ല. ചിരിയിലും നോട്ടത്തിലും നിഗൂഢതകളൊളിപ്പിച്ചു കൊണ്ട് അത്ര ഗംഭീരമായിട്ടാണ് അദ്ദേഹം ഈ കഥാപാത്രം ചെയ്തിരിക്കുന്നത്.

ക്ലോസപ്പ് ഷോട്ടുകളില്‍ അയാളുടെ മുഖത്തെ ക്രൂരതയും പല്ലിറുമ്പലും അധികാര ഗര്‍വ്വും പ്രേക്ഷകനിലേക്കും എത്തുന്നു. കൊടുമണ്‍ പോറ്റിയിലേക്കുള്ള മമ്മൂട്ടി എന്ന താര ശരീരത്തിന്റെ പരകായപ്രവേശം തന്നെയാണ് ഭ്രമയുഗത്തിന്റെ ആകെത്തുക. മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രമെ ഉള്ളൂ എന്ന് ഒരിക്കല്‍ കൂടി മലയാളി പ്രേക്ഷക മനസ്സില്‍ അരക്കിട്ട് ഉറപ്പിക്കുകയാണ് ഈ സിനിമ.

ചിത്രത്തിന്റെ തുടക്കം തന്നെ കാടും പുഴയും കടന്ന്, തേവന്‍ എന്ന പാണന്‍ പടിപ്പുര കയറിച്ചെല്ലുമ്പോള്‍ അയാള്‍ പ്രേക്ഷകനെയും ഒപ്പം കൂട്ടുന്നു. അയാളെ പോലെ തന്നെ സ്ഥല കാലത്തിന്റെ അപരിചിതത്വത്തില്‍ പ്രേക്ഷകനും ഒരു വിസ്മയ ലോകത്ത് എത്തിപ്പെടുന്നു. കൊടുമണ്‍ പോറ്റിയും അയാളുടെ തകര്‍ന്നു തുടങ്ങിയ ഇല്ലവും വേലക്കാരനും മുറുക്കാന്‍ ചെല്ലവും പല്ലിലെ കറയും മെതിയടിയും ഊന്നുവടിയും പകിടയും എല്ലാം കൂടി കനത്ത നിഗൂഢത സൃഷ്ടിക്കുന്നുണ്ട്. തേവനോടോപ്പ പ്രേക്ഷനെയും ഭയം എന്ന വികാരം ഒരു ഒച്ചിനെപ്പോലെ സിനിമയിലുടനീളം വിടാതെ പിന്തുടരുന്നു. എന്തൊക്കെയോ ഇനിയും സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ സിനിമയിലുടനീളം നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ആര്‍ട്ട് ഡയരക്ടറും ഛായഗ്രഹകനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്രയോക്കെയാണെങ്കിലും മലയാള സിനിമാ പ്രേക്ഷകര്‍ കണ്ടുശീലിച്ച പരമ്പരാഗതമായ ഹൊറര്‍ ഫോര്‍മുലകളിലെ മാടനും മറുതയും ചാത്തനും കറുത്തച്ഛനും ഒടിയനും ദുഃര്‍മന്ത്രവാദവും എല്ലാം ഏറെ മാറ്റമില്ലാത്ത രീതിയില്‍ തന്നെയാണ് ഈ സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത് എന്നൊരു പോരായ്മ ഈ ചിത്രത്തിനുണ്ട് എന്ന് പറയാതെ വയ്യ.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം, യൂറോപ്യന്‍ അധിനിവേശം ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ കീഴടക്കാന്‍ തുടങ്ങുന്ന ഒരു കാലഘട്ടത്തിലെ കഥ പറയുന്നതുകൊണ്ട് തന്നെ കറുപ്പിലും വെളുപ്പിലുമല്ലാതെ മറ്റൊരു മാധ്യമത്തില്‍ ഈ ഒരു സിനിമ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അധികാര മോഹവും മനുഷ്യന്റെ അത്യാര്‍ത്തിയും ജാതീയതയും ഒരുകാലത്തും മാറില്ലെന്നും അതിങ്ങനെ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും അടിസ്ഥാന ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും സിനിമ കൃത്യമായി പറഞ്ഞു വെക്കുന്നു.

അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനും കഥാപാത്രങ്ങളായി ഗംഭീര പ്രകടനം തന്നെ നടത്തുന്നുണ്ട്. രണ്ടുപേരുടെയും കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച വേഷങ്ങള്‍ എന്നു തന്നെ ഭ്രമയുഗത്തിലെ കഥാപാത്രങ്ങളെ വിശേഷിപ്പിക്കാം. പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും വരികളെഴുതിയ ദിന്‍ നാഥ് പുത്തഞ്ചേരിയും ഛായാഗ്രാഹകന്‍ ഷെഹനാദ് ജലാലും സിനിമയുടെ ആകെ വികാരങ്ങളെ പ്രേക്ഷകനിലേക്ക് കൃത്യമായി ഇണക്കിച്ചേര്‍ക്കുന്നു.

ദൃശ്യ- ശ്രവ്യ വിസ്മയങ്ങളാല്‍ ടെകിനിക്കലി ബ്രില്ല്യന്റ് ആയ നല്ലൊരു സിനിമ. മമ്മൂട്ടി പറഞ്ഞത് പോലെ യാതൊരു മുന്‍ വിധിയും ഇല്ലാതെ പ്രേക്ഷകരെ ഭയപ്പെടുത്തുമോ, സംഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും ആലോചിക്കാതെ ശുദ്ധമായ മനസ്സോടെ കാണണം ഈ സിനിമ.

അഷറഫ് മടിയാരി

error: Content is protected !!