

കഴിഞ്ഞ ദിവസം ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐ സി സി) നടന്ന ‘മുക്രി വിത്ത് ചാമുണ്ഡി’ പ്രദര്‍ശനം കലാസ്വാദകര്‍ക്കും സാംസ്‌കാരിക പ്രേമികള്‍ക്കും ഒരു വിരുന്നായിരുന്നു.

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ തിളക്കമായ തെയ്യം കലാരൂപത്തിലെ ഈ ഇതള്‍ കാണികളില്‍ അവിസ്മരണീയമായ അനുഭവമായി മാറി.

തെയ്യം എന്നത് കേവലം ഒരു കലാരൂപമല്ല, അത് കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പ്രതീകമാണ്. ക്ഷേത്രങ്ങളിലും കാവുകളിലും അനുഷ്ഠിക്കപ്പെടുന്ന ഈ കലാരൂപത്തില്‍ വിവിധ ഹിന്ദു ദേവതാരൂപങ്ങള്‍ വിസ്മയകരമായ വേഷവിധാനങ്ങളിലൂടെയും ആചാരങ്ങളിലൂടെയും അവതരിപ്പിക്കപ്പെടുന്നു. ഹിന്ദു ദേവതകളെ പ്രതിഷ്ഠിക്കുന്ന തെയ്യങ്ങള്‍ക്കൊപ്പം മുസ്‌ലിം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചില തെയ്യങ്ങളുമുണ്ട്.

‘ആര്യ നാട്ടില്‍നിന്നു മരക്കാലത്തിലേറി വന്ന ആര്യ പൂങ്കണ്ണിയും വഞ്ചി തുഴഞ്ഞ ബപ്പുരനും, ചിലയിടങ്ങളില്‍ കാണുന്ന ഉമ്മച്ചിത്തെയ്യവും’ അടക്കം രണ്ടു ഡസനിലേറെ തെയ്യങ്ങളെ മാപ്പിളത്തെയ്യങ്ങള്‍ എന്നാണ് വിളിക്കാറുള്ളത്.
‘മുക്രി വിത്ത് ചാമുണ്ഡി’ എന്ന ഡോക്യുമെന്ററി വടക്കന്‍ കേരളത്തിലെ കാവുകളില്‍ കെട്ടിയാടുന്ന , മാപ്പിളത്തെയ്യങ്ങളിലൊന്നായ പോക്കര്‍ തെയ്യത്തെ അധികരിച്ചുള്ളതാണ്. ഇതു കേരളത്തിന്റെ സാംസ്‌കാരിക സമന്വയത്തിന്റെയും സമുദായങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും മികച്ച ഉദാഹരണമാണ്. ഈ ഡോക്യുമെന്ററിയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു കലാരൂപത്തിന്റെ സൗന്ദര്യവും സാംസ്‌കാരിക പ്രാധാന്യവും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ലോകത്തിനു മുന്‍പില്‍ ശതകോടികളുടെ ദേവാലയങ്ങളും പുതിയ ‘മദ’ വേഷവും കെട്ടിയാടുന്ന രാഷ്ട്രീയ തെയ്യങ്ങള്‍ക്ക് ഇതു നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അമ്പല മുറ്റത്തു ‘നമസ്‌ക്കാര തറ കെട്ടി അസര്‍ നമസ്‌കരിക്കുന്ന’ ഈ തെയ്യം കേവലം പതിനഞ്ചു മിനുട്ടു മാത്രമുള്ള ഈ ഡോക്യുമെന്ററിയിലൂടെ സാംസ്‌കാരിക ഐക്യത്തിന്റയും മതസൗഹാര്‍ദ്ദത്തിന്റെയും സമ്പന്നമാക്കുന്ന കണ്ണിയായി നൂറ്റാണ്ടുകളായി ഇന്ത്യയുടെ മണ്ണില്‍ ഇങ്ങിനെ ചിലതൊക്കെ നിലനില്ക്കുന്നുണ്ടെന്ന വലിയ സത്യം മനോഹരമായ ഓര്‍മ്മപ്പെടുത്തുന്നു.
പ്രശസ്ത പത്രപ്രവര്‍ത്തകനായ അശ്രഫ് തൂണേരി സംവിധാനം ചെയ്ത ‘മുക്രി വിത്ത് ചാമുണ്ഡി’ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണെങ്കില്‍ രാജ്യാന്തര തലത്തില്‍ സാംസ്‌കാരിക വിനിമയം
പ്രോത്സാഹിപ്പിക്കുകയും പരസ്പര ധാരണയും സഹവാസവും വളര്‍ത്തുകയും ചെയ്യും. ഈ കലാസൃഷ്ടിയിലൂടെ പകര്‍ന്ന സന്ദേശം നമ്മുടെ മനസ്സുകളില്‍ നിലനില്‍ക്കട്ടെ

മഹമൂദ് മാട്ടൂല്‍

