ഇന്ദിരാഗാന്ധി; കണ്ണീര്‍ പ്രണാമത്തിന് 39 വര്‍ഷം

Web Desk
4 Min Read

‘എന്റെ അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കാനുള്ളതായിരിക്കും. ഒരുപക്ഷെ നാളെ ഞാന്‍ ജീവനോടില്ലായിരിക്കാം. എന്റെ ഓരോതുള്ളി രക്തവും ഭാരതത്തിന്റെ അഖണ്ഡതയേയും ഐക്യത്തേയും ശക്തിപ്പെടുത്താനുള്ളതായിരിക്കും’- സ്വന്തം അംഗരക്ഷകരാല്‍ വെടിയേറ്റ് രക്തം വാര്‍ന്ന് കൊല്ലപ്പെടുന്നതിന് തലേന്ന് 1984 ഒക്ടോബര്‍ 30ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒഡീഷയിലെ ഭുവനേശ്വറില്‍ നടത്തിയ തന്റെ അവസാന പ്രസംഗത്തിലെ ഹൃദയപര്‍ശിയായ അറംപറ്റിയ വാചകമാണ് മുകളിലേത്.

city exchange

രജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ജനാധിപത്യവും മതേതരത്വവും എന്തു വിലകൊടുത്തും എക്കാലവും സംരക്ഷിക്കുമെന്ന ഉറച്ചനിലപാടും നയവും സ്വീകരിച്ച ശക്തയായ ഭരണാധികാരിയായിരുന്നു കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഇന്ദിരാഗാന്ധി. ഇന്ത്യയുടെ പ്രഥമവും ഏകയുമായ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാജി അടിയുറച്ച ദേശസ്‌നേഹിയും എക്കാലത്തും എവിടേയും ഇന്ത്യന്‍ ദേശീയതയുടെ അനിഷേധ്യ ശബ്ദവുമായിരുന്നു.

വെടിയേറ്റ് വീഴുമ്പോൾ ഇന്ദിരാജി ധരിച്ചിരുന്ന വസ്ത്രവും പാദരക്ഷകളും

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും നേരെ ഉയരുന്ന ഒരു ശക്തിയേയും ഭാരതത്തിന്റെ മണ്ണില്‍ വളരാന്‍ അനുവദിക്കില്ലെന്ന തന്റെ ഉറച്ച നിലപാടുകളുടേയും നടപടികളുടേയും പേരില്‍ വിഘടനവാദികളുടെ തോക്കിനിരയായി രക്തസാക്ഷിത്വം വരിച്ച ധീരവനിതയെ ഇന്ത്യാ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല.

- Advertisement -
Ad image

സംഭവബഹുലമായ തന്റെ ജീവിതത്തില്‍ നാലു ടേമുകളിലായി പതിനാറ് വര്‍ഷത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും പരിപാടികളും ഇന്ദിരാജിയുടെ ഭരണത്തിലാണ് തുടക്കം കുറിച്ചത്. നിയമ നിര്‍മ്മാണത്തിലൂടെ ബാങ്ക് ദേശസാല്‍ക്കരണവും പ്രിവി പഴ്‌സ് നിര്‍ത്തലക്കിയതും ഇന്ദിരാഗാന്ധിയുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

മ്യുസിയമാക്കി മാറ്റിയ നമ്പര്‍ വണ്‍ സഫ്ദര്‍ജംഗ് റോഡിലെ ഇന്ദിരാ ഗാന്ധിയുടെ വസതിയില്‍ ലേഖകന്‍

ആണിനും പെണ്ണിനും തുല്യജോലിക്ക് തുല്യവേതനം ഏര്‍പ്പെടുത്തി നിയനിര്‍മ്മാണം നടത്തി വനിതാ ശാക്തീകരണത്തിന് ഊര്‍ജ്ജവും ദിശാബോധവും നല്കിയത് രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രിയായ ഇന്ദിരാജിയുടെ സുപ്രധാന നടപടികളിലൊന്നായിരുന്നു.

നവരാഷട്ര ശില്പിയും മുന്‍പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ മകളായി ജീവിച്ചപ്പോഴും സര്‍വ്വാധികാരങ്ങളും കയ്യാളി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ജീവിച്ചപ്പോഴും സ്വകാര്യ ജീവിതത്തില്‍ വളരെ ലാളിത്യം പുലര്‍ത്തിയിരുന്നു ഇന്ദിരാജി. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ദിരാജി ഏറെക്കാലം ജീവിച്ച ഡല്‍ഹിയിലെ നമ്പര്‍ വണ്‍ സഫദര്‍ജംഗ് റോഡിലെ വസതിയും അതിനകത്തെ ആടകളും ആഡംബരമല്ലാത്ത സൗകര്യങ്ങളും.

ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മ്യൂസിയമാക്കി മാറ്റിയ ഈ വസതിയില്‍ നിന്നും തൊട്ടടുത്ത അക്ബര്‍ റോഡിലെ ഓഫിസിലേക്ക് പോകുമ്പോഴാണ് അംഗരക്ഷകരാല്‍ വെടിയേറ്റ് വീഴുന്നത്.

അധികാരത്തിന്റെ ഔന്നിത്യത്തില്‍ ഇരിക്കുമ്പോഴും ജനസേവനത്തിന് ആഡംബര ജീവിതം അനിവാര്യഘടകമല്ലന്ന് ഓര്‍മപ്പെടുത്തുന്ന അനുഭവമാണ് മ്യുസിയമാക്കി മാറ്റിയ ഇന്ദിരാജിയുടെ നമ്പര്‍ വണ്‍ സഫദര്‍ജംഗ് റോഡ് വസതിയും അവര്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളും ഈയിടെ അവിടം സന്ദര്‍ശിച്ചപ്പോള്‍ നേരില്‍ കണ്ട ഈ ലേഖകന് മനസ്സിലാക്കാനായത്.

ഇന്ദിരാജി വെടിയേറ്റ് വീണ സ്ഥലം

ദരിദ്ര ജനവിഭാഗങ്ങളുടെ അഭിവൃദ്ധിക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും വേണ്ടി അനേകം പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പാക്കിയ ദീര്‍ഘദൃഷ്ടിയുള്ള ഭരണാധികാരിയിരുന്നു ഇന്ദിരാജി.

1974ല്‍ ഇന്ദിരാജിയുടെ സര്‍ക്കാര്‍ അഞ്ചാം പഞ്ചവത്സര പദ്ധതിയിലൂടെ ‘ഗരീബി ഹഠാവൊ’ (ദാരിദ്ര്യം തുടച്ചു നീക്കു) എന്ന മുദ്രവാക്യം ഉയര്‍ത്തുകയും നടപ്പാക്കുകയും ചെയ്തത് രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്യാനുള്ള വന്‍ പദ്ധതികളായിരുന്നു.

ഇന്ന് സമ്പന്നമായ ഇന്ത്യയുടെ ധാന്യപ്പുരകളെ ഹരിതവിപ്ലവം നടപ്പാക്കി കാര്‍ഷിക പൂരോഗതിയിലൂടെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച ഭരണാധികാരി ഇന്ദിരാഗാന്ധിയായിരുന്നു.

‘ഗരീബി ഹഠാവൊ, ദേശ് ബച്ചാവൊ’ എന്ന മുദ്രവാക്യം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്വാശ്രയത്വവുമെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞത് രാജ്യത്തെ കാര്‍ഷിക മേഖലയിലും തൊഴില്‍ മേഖലയിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിവച്ചു.

ഇന്ത്യയുടെ സമസ്തമേഖലകളുടേയും പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ച് ജീവിച്ച ഇന്ദിരാ പ്രിയദര്‍ശിനിയുടെ ജീവിതം സമാനതകളില്ലാത്തതായിരുന്നു.

പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും സമചിത്തതയോടെ നേരിട്ട ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച മികച്ച ഭരണാധികാരികളിലൊരാളും കരുത്തുറ്റ രാഷ്ട്ര തന്ത്രജ്ഞയുമായിരുന്നു.

ബഹുഭാഷാ പണ്ഡിതയും നല്ല വായനക്കാരിയുമായിരുന്ന ഇന്ദിരാജി തികഞ്ഞ പ്രകൃതി സ്‌നേഹികൂടിയായിരുന്നു. ലോക രാഷ്ട്രനേതാക്കളുടെയിടയില്‍ എന്നും തലയെടുപ്പോടെ നിന്നിരുന്ന ഇന്ദിരാജിയുടെ ഉപേശങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും ലോകം എന്നും വളരെ പ്രാധാന്യം നല്കിയിരുന്നു.

അന്താരാഷ്ട്ര രംഗത്ത് വന്‍ശക്തികളായ രാജ്യങ്ങളുടെ ചേരിതിരിവിനും ചേരിപോരിനും വശം പിടിക്കാതെ ചേരിചേരാനയമെന്ന പ്രഖ്യാപിത നിലപാടിനോട് ചേര്‍ന്ന് നിന്നപ്പോഴും രാജ്യത്തിന്റെ സൈനിക ശക്തിയുടെ കരുത്ത് വര്‍ധിപ്പിക്കാനും മറ്റുവികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വന്‍ശക്തികളോട് ചേര്‍ന്നുള്ള തന്ത്രപരമായ കൂട്ടുകെട്ടുകളില്‍ വിജയം വരിച്ച രാഷ്ട്രതന്ത്രജ്ഞയാണ് ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി.

രാജ്യത്തിനകത്ത് തന്റെ കാലഘട്ടത്തില്‍ രാഷ്ട്രീയ എതിരാളികളുടെ കനത്ത ആക്രമണത്തിനും പ്രതികാര നടപടികള്‍ക്കും വിധേയയായ ഇന്ദിരാഗാന്ധി പലതവണ ജയില്‍വാസമനുഭവിക്കുകയുണ്ടായി. 1975ലെ ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ അന്തസത്ത രാഷ്ട്രീയ ചര്‍ച്ചാവേദികളില്‍ ഇന്നും തര്‍ക്കവിഷയമായി തുടരുന്നത് ജനാധിപത്യത്തിന്
കൂടുതല്‍ കരുത്ത് പകരുന്ന അനുഭവങ്ങളായി നമുക്ക് കരുതാം.

സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടുന്ന ഫലസ്തീന്‍ ജനതയോട് എന്നും ഐക്യദാര്‍ഢ്യവും അനുകമ്പയും പുലര്‍ത്തിയിരുന്ന ഇന്ദിരാഗാന്ധിയുടെ ഗവണ്മെന്റാണ് ഫലസ്തീന്‍ ജനതയുടെ വിമോചന മുന്നണി സംഘടനയായ പി എല്‍ ഒയെ ആദ്യമായി അവരുടെ ഔദ്യോഗിക പ്രതിനിധിയായി അംഗീകരിച്ചത്.

നയതന്ത്രതലത്തിലുള്ള പ്രതിനിധിയുടെ പദവിയോടെ പി എല്‍ ഒയ്ക്ക് ഡല്‍ഹിയില്‍ ഓഫീസനുവദിച്ച ലോകത്തിലെ ആദ്യ അറബ് ഇതര രാജ്യമാണ് ഇന്ത്യ. ഇന്ദിരാജിയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ വിമോചനമുന്നണി തലവന്‍ യാസര്‍ അറഫാത്തിനെ ഒരു രാഷ്ട്രത്തലവന് നല്കുന്ന അകമ്പടിയോടും അംഗീകാരത്തോടും ഇന്ത്യന്‍ പാര്‍ലിമെന്റിനകത്തും പുറത്തും സ്വീകരിക്കുകയും അദ്ദേഹം അവിടെ വളരെ വികാരവായ്‌പോടെ ‘എന്റെ പ്രിയ ജ്യേഷ്ഠ സഹോദരിയാണ് ഇന്ദിരാഗാന്ധി’ എന്ന ആമുഖത്തോടെ നടത്തിയ ഊഷ്മളവും ഉജ്ജ്വലവുമായ പ്രസംഗം ചരിത്ര പ്രസിദ്ധമായ സംഭവമാണ്.

ഇന്ദിരാജിയെപ്പോലുള്ള രാഷ്ട്രതന്ത്രജ്ഞരുടെ അഭാവം ലോകത്തിന് അനുഭവപ്പെടുന്നു. സമാധാന ശ്രമങ്ങള്‍ക്ക് ലോകം കാതോര്‍ക്കുന്ന ശബ്ദമായിരുന്നു ഇന്ദിരാജിയുടേത്.
ലോക സമാധാനത്തിനായി തന്റെ എഴുത്തിലും വാക്കിലും പ്രവൃത്തിയിലും എന്നും പോരാടിയിരുന്ന ഇന്ദിരാ പ്രിയദര്‍ശിനിയുടെ ധീരരക്തസാക്ഷിത്വത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുന്‍പില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിക്കുന്നു.

ജോണ്‍ഗില്‍ബര്‍ട്ട്

Share This Article
Leave a Comment
error: Content is protected !!